ജയ്പൂർ: ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നതെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ.മോഹൻ ഭഗവത് . വിശ്വ പ്രേമത്തിൻ്റെയും ലോക മംഗളത്തിൻ്റെയും ഭാഷയാണ് ഭാരതത്തിൻ്റേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും പുരാതനമായ രാഷ്ട്രമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങൾക്കു മുന്നിൽ നമുക്ക് മുതിർന്ന സഹോദരൻ്റെ സ്ഥാനമുണ്ട്. ലോക സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് ഭാരതം നിലകൊള്ളുന്നത്, സർസംഘചാലക് ചൂണ്ടിക്കാട്ടി. ജയ്പൂരിലെ ഹർമദ രവിനാഥ് ആശ്രമത്തിൽ രവിനാഥ് മഹാരാജിന്റെ സ്മൃതിപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആശ്രമം എന്നെ ആദരിക്കുന്നു. എന്നാൽ അതിന് ഞാൻ അർഹനല്ല. ഞാൻ ഒറ്റയ്ക്ക് ഒന്നും ചെയ്യുന്നില്ല. നൂറ് വർഷമായി തുടരുന്ന പരമ്പരയുടെ ഭാഗം മാത്രമാണ് ഞാൻ. ആ പരമ്പരയിൽ എന്നെപ്പോലെ ലക്ഷക്കണക്കിന് പ്രവർത്തകരുണ്ട്. പ്രചാരകരും ഗൃഹസ്ഥരുമുണ്ട്. ഇത്രയധികം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം മാത്രമാണ് രവിനാഥ് ആശ്രമം നല്കുന്ന ആദരം, മോഹൻ ഭാഗവത് പറഞ്ഞു.
ഭാരതത്തിൻ്റെ പാരമ്പര്യം ത്യാഗത്തിൻ്റേതാണ്. ലോകത്തിന് ധർമ്മത്തിൻ്റെ പാഠങ്ങൾ പകരേണ്ട കടമ ഭാരതത്തിനുണ്ട്. എന്നാൽ ആ ചുമതല നിർവഹിക്കാൻ ശക്തി ആവശ്യമാണ്. നമുക്ക് ആരോടും വിദ്വേഷമില്ല. എന്നാൽ സ്നേഹഭാഷണമാണെങ്കിൽ പോലും ലോകം കേൾക്കണമെങ്കിൽ നമുക്ക് ശക്തിയുണ്ടാകണം. ഇത് ലോകത്തിന്റെ സ്വഭാവമാണ്. ഈ സ്വഭാവം മാറ്റാൻ കഴിയില്ല, അതുകൊണ്ട് ലോകക്ഷേമത്തിനായി നാം ശക്തരായിരിക്കണം. നമ്മുടെ ശക്തി ഇപ്പോൾ ലോകം അറിഞ്ഞു. ലോകക്ഷേമമാണ് നമ്മുടെ ധർമ്മമെന്നും ലോകം മനസിലാക്കുന്നുണ്ട്. വിശ്വമംഗളമാണ് നമ്മുടെ കടമയെന്ന് ഹിന്ദു ധർമ്മം ഉറച്ചു പ്രഖ്യാപിക്കുന്നു. രവിനാഥ് മഹാരാജിൻ്റെ കാരുണ്യം ജീവിതത്തിൽ നല്ല പ്രവൃത്തികൾ ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.




Discussion about this post