മഥുര/ന്യൂദല്‍ഹി: വൃന്ദാവനത്തിലെ ശ്രീ ബങ്കെ ബിഹാരി ക്ഷേത്ര സമുച്ചയ നിര്‍മാണം ഊര്‍ജിതമാക്കുന്നു. ശ്രീ ബാങ്കെ ബിഹാരി ക്ഷേത്ര ഇടനാഴിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണിത്. അഞ്ച് ഏക്കറില്‍ നിര്‍മ്മിക്കുന്ന ഇടനാഴി സമുച്ചയത്തില്‍ ഒരേസമയം 10000 ഭക്തര്‍ക്ക് താമസിക്കാന്‍ കഴിയും. നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം, ക്ഷേത്രത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് 250 കോടി രൂപയും നിര്‍മ്മാണത്തിനായി 650 കോടി രൂപയും ചെലവഴിക്കും.
ഇടനാഴിയിലേക്കുള്ള പ്രധാന കവാടം പരിക്രമ മാര്‍ഗിലുള്ള ജുഗല്‍ ഘട്ടിലായിരിക്കും. കവാടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ക്ഷേത്രശ്രീകോവിലിലെ ദേവന്റെ രൂപം കാണാന്‍ കഴിയും വിധത്തിലാകും നിര്‍മിതി. 2022ലാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇടനാഴിക്കുള്ള നിര്‍ദ്ദേശം തയ്യാറാക്കിയത്. അന്ന് ഭൂമി ഏറ്റെടുക്കലിന് 210 കോടി രൂപയും നിര്‍മ്മാണത്തിനായി 506 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയത്.
ബങ്കെ ബിഹാരി ക്ഷേത്രത്തിലെത്താന്‍ ജുഗല്‍ ഘട്ട്, വിദ്യാപീഠ്, ജാദൂണ്‍ പാര്‍ക്കിങ് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മൂന്ന് പാതകള്‍ പദ്ധതിയുടെ ഭാഗമാണ്. ക്ഷേത്ര സമുച്ചയത്തിന് രണ്ട് നിലകളുണ്ടാകും. ഇടനാഴിയും ക്ഷേത്ര സമുച്ചയവും കൃഷ്ണയുഗത്തിലെ മരങ്ങള്‍ കൊണ്ട് വലയം ചെയ്യും. ഭക്തര്‍ക്ക് വിശ്രമിക്കാന്‍ താഴത്തെ നിലയില്‍ രണ്ട് പാര്‍ക്കുകളുണ്ടാകും.
സമുച്ചയത്തിന് ഏകദേശം 11000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ടാകും. ഇവിടെ അയ്യായിരം മീറ്റര്‍ തുറസ്സായ പ്രദേശമുണ്ടാകും. ഷൂ ഹൗസ്, ലഗേജ് റൂം, പൊതു സൗകര്യങ്ങള്‍, ശിശു സംരക്ഷണ മുറി, മെഡിക്കല്‍ സൗകര്യം, പ്രത്യേക അതിഥി മുറി, ഖരമാലിന്യ സംസ്‌കരണം, പൂജാ സാമഗ്രികള്‍ സൂക്ഷിക്കുന്ന കടകള്‍, തീര്‍ത്ഥാടകര്‍ക്ക് വിശ്രമമുറി, ഭഗവാന്‍ കൃഷ്ണന്റെ വീരഗാഥകള്‍ വിവരിക്കുന്ന ചിത്രമ്യൂസിയം എന്നിവ ഇതിന്റെ ഭാഗമാകും.
ബങ്കെ ബിഹാരി ക്ഷേത്ര സമുച്ചയത്തിന്റെ മുകളിലത്തെ നില ഏകദേശം 10000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതായിരിക്കും. താഴത്തെ നിലയില്‍ നിന്ന് മൂന്നര മീറ്റര്‍ ഉയരമുണ്ടാകും. ഇവിടെ ക്ഷേത്രത്തിന് ചുറ്റും തൊള്ളായിരം മീറ്ററില്‍ ഒരു പാത വികസിപ്പിക്കും.
കൃഷ്ണന്റെ വീരകൃത്യങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച 800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു ഇടനാഴി പ്രത്യേകം ഉണ്ടാകും.
Discussion about this post