ന്യൂദല്‍ഹി: പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയിലാണെന്ന് സൈന്യത്തിന്റെ വ്യോമ പ്രതിരോധ ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ സുമര്‍ ഇവാന്‍ ഡി കന്‍ഹ. പാകിസ്ഥാന്റെ ഏത് മുക്കിലും മൂലയിലും ആക്രമണം നടത്താനുള്ള കഴിവ് ഭാരതത്തിനുണ്ട്. ഭാരതത്തിനകത്ത് എവിടെ നിന്നു വേണമെങ്കിലും ആക്രമിക്കാന്‍ കഴിയുന്ന സാഹചര്യവും സംവിധാനവും സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക് സൈന്യം റാവല്‍പിണ്ടിയില്‍ നിന്ന് അവരുടെ സൈനിക ആസ്ഥാനം മാറ്റിയാല്‍പ്പോലും ഒളിക്കാന്‍ വിഷമിക്കും. പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനു മുന്‍പ് ഡ്രോണുകളെ നേരിടുന്നതിനു വേണ്ടി സൈന്യം ശക്തമായ പരീക്ഷണങ്ങള്‍ പത്ത് ദിവസം മുന്‍പ് നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ ഏത് ആയുധവും പ്രതിരോധിക്കാനുള്ള ശേഷി ഭാരതത്തിനുണ്ടെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചു. ദീര്‍ഘദൂര ഡ്രോണുകളും ആധുനിക യുദ്ധോപകരണങ്ങളും ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. റഡാര്‍ സിസ്റ്റത്തെ കബളിപ്പിക്കാനും തകരാറിലാക്കാനുമാണ് പാകിസ്ഥാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ഭാരതത്തിന് അതെല്ലാം നേരിടാന്‍ കഴിഞ്ഞു. വ്യത്യസ്തമായ രീതിയില്‍ വിന്യസിച്ച ഭാരതത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post