ഫിറോസ്പൂര്‍(പഞ്ചാബ്): ശ്രാവണ്‍ പോരാളിയാണ്. രാജ്യത്തിന്റെ പോരാളി… പത്തുവയസുകാരന്‍ ശ്രാവണ്‍സിങ്ങിനെ കരസേനയിലെ മേജര്‍ ജനറല്‍ രഞ്ജിത് സിങ് മന്‍രാല്‍ അനുമോദിക്കുമ്പോള്‍ താരാവാലിയിലെ ഗ്രാമീണര്‍ അഭിമാനം കൊണ്ടു. പഞ്ചാബില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഫിറോസ്പൂരിലെ താരാവാലിയില്‍ ഭാരത സൈനികരെ സഹായിച്ച പത്തുവയസുകാരന്‍ ശ്രാവണിന് ഓപ്പറേഷന്‍ സിന്ദൂറിലെ പോരാളിയെന്നാണ് മന്‍രാല്‍ വിളിച്ചത്.
സിന്ദൂറിലെ പ്രായംകുറഞ്ഞ സിവിലിയന്‍ യോദ്ധാവാണ് ശ്രാവണ്‍ എന്ന് അദ്ദേഹം പറഞ്ഞു. പാക് ഡ്രോണുകളെ നിര്‍വീര്യമാക്കാന്‍ തമ്പടിച്ച സൈനികര്‍ക്ക് വെള്ളവും പാലും ലസിയും ഐസ്‌ക്രീമും എത്തിച്ചാണ് ശ്രാവണ്‍ വീരനായത്. യുദ്ധാന്തരീക്ഷത്തില്‍ ഗ്രാമീണര്‍ ഭയപ്പാടോടെ മാറിനിന്നപ്പോഴാണ് ശ്രാവണ്‍ സൈനികര്‍ക്ക് സഹായിയായത്. കരസേനയുടെ ഏഴാമത്തെ ഇന്‍ഫന്‍ട്രി ഡിവിഷന്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ രഞ്ജിത് സിങ് മന്‍രാല്‍ ശ്രാവണിനെ ഇന്നലെ ചേര്‍ന്ന പ്രത്യേക ചടങ്ങില്‍ ആദരിച്ചു.
താരാവാലിയിലെ വയലില്‍ നിലയുറപ്പിച്ച സൈനികര്‍ക്ക് എല്ലാ ദിവസവും ശ്രാവണ്‍ കുടിവെള്ളമെത്തിച്ചു. കൊടുംചൂടില്‍ അത് നല്കിയ ആശ്വാസം ചെറുതായിരുന്നില്ല. ശ്രാവണിന്റെ ധൈര്യവും നിസ്വാര്‍ത്ഥ സേവനവും അഭിമാനകരമാണെന്ന് മേജര്‍ ജനറല്‍ മന്‍രാല്‍ പറഞ്ഞു. അവന് യൂണിഫോമുണ്ടായിരുന്നില്ല. കൈയില്‍ ആയുധങ്ങളുണ്ടായിരുന്നില്ല. പരിശീലനം നേടിയിരുന്നില്ല. പൊടിപടലം നിറഞ്ഞ ആ താരാവാലിയില്‍ അവന്‍ പക്ഷേ ഞങ്ങള്‍ക്ക് കൂട്ടുനിന്നു. അവന് അപാരമായ ധൈര്യമുണ്ടായിരുന്നു, മാന്‍രാല്‍ പറഞ്ഞു.
സൈന്യം തയാറാക്കിയ പ്രത്യേക ശില്പം, സൈനികര്‍ക്കൊപ്പം ഭക്ഷണം, പിന്നെ ശ്രാവണിന് പ്രിയപ്പെട്ട ഐസ്‌ക്രീം…. ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ ഞാനും നിങ്ങള്‍ക്കൊപ്പം ചേരുമെന്നായിരുന്നു ശ്രാവണിന്റെ മറുപടി.
അവന്‍ സ്വന്തം തീരുമാനമനുസരിച്ചാണ് സൈനികര്‍ക്ക് ദാഹജലമെത്തിച്ചതെന്ന് ശ്രാവണിന്റെ അച്ഛന്‍ സോനാ സിങ് പറഞ്ഞു. ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ അവനെ വിലക്കാന്‍ ഞങ്ങള്‍ തയാറായില്ല. നമ്മുടെ സൈന്യത്തിന്റെ സുരക്ഷ അവനുണ്ട് എന്നത് വലിയ ആശ്വാസമായിരുന്നു, അദ്ദേഹം പറഞ്ഞു.


Discussion about this post