ന്യൂഡൽഹി: തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ, പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കുന്നത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ജൂലായ് ഒന്നിന് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള ചട്ടങ്ങളിലെ മാറ്റങ്ങളും; ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട ചാർജുകളിലെയും മാറ്റങ്ങള്‍ എന്നിവയും ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ പാൻ കാർഡിന് അപേക്ഷിക്കാനും ആധാർ ആവശ്യമാണ്. ജൂലായ് ഒന്ന് ചൊവ്വാഴ്ച മുതൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് പാൻ കാർഡ് അപേക്ഷകൾക്ക് ആധാർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. നിലവിലുള്ള പാൻ ഉടമകൾ ഡിസംബർ 31-നകം അവരുടെ ആധാർ നമ്പറുകൾ പാന്‍ കാര്‍ഡുകളുമായി ലിങ്ക് ചെയ്യണം. ഇതുവരെ പുതിയ പാൻ കാർഡിന് അപേക്ഷിക്കാന്‍ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സർക്കാർ നൽകിയ ഏതെങ്കിലും സാധുവായ ഐഡിയോ ജനന സർട്ടിഫിക്കറ്റോ മതിയായിരുന്നു.
തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും ആധാർ പരിശോധന നിർബന്ധമാക്കും. റെയില്‍വേ ബോര്‍ഡ് പുതുക്കിയ ട്രെയിന്‍ യാത്രാ നിരക്ക് പട്ടിക പുറത്തിറക്കി.
ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. സബര്‍ബന്‍ ടിക്കറ്റുകള്‍ക്കും സീസണ്‍ ടിക്കറ്റുകള്‍ക്കും നേരത്തെ ബുക് ചെയ്ത ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ദ്ധനവ് ബാധകമല്ല.
എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയുടെ വര്‍ദ്ധന വരുത്തി. എക്‌സ്പ്രസ് / മെയില്‍ ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 1 പൈസ വീതവും എസി ത്രീടയര്‍, ചെയര്‍കാര്‍, ടു ടയര്‍ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്‌ക്ക് 2 പൈസ വീതവും വര്‍ദ്ധിക്കും. ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 501 കിലോമീറ്റര്‍ മുതല്‍ 1500 കിലോമീറ്റര്‍ വരെ 5 രൂപയും 1501 കിലോമീറ്റര്‍ മുതല്‍ 2500 കിലോമീറ്റര്‍ വരെ 10 രൂപ വീതവും നിരക്ക് വര്‍ധിക്കും.
2501 മുതല്‍ 3000 കിമീ വരെ 15 രൂപയാണ് വര്‍ധിക്കുക. വന്ദേ ഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ദ്ധന ബാധകമാണ്. പുതിയ നിരക്ക് ജൂലായ് ഒന്നിന് നിലവില്‍ വരും.
Discussion about this post