ന്യൂദല്‍ഹി: കുറ്റകരമായ രീതിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് ജസ്റ്റിസ് പി.എസ്. നരസിംഹ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അശ്രദ്ധവും അപകടകരവുമായ രീതിയിലുള്ള വാഹനമോടിക്കല്‍, വാഹനം കൊണ്ടുള്ള അഭ്യാസപ്രകടനം എന്നിവക്കിടെ മരിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കി.
2014 ജൂണ്‍ 18ന് കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. രവിഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അതിവേഗത്തില്‍ അശ്രദ്ധമായാണ് രവിഷാ വാഹനമോടിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനം റോഡില്‍ കീഴ്മേല്‍ മറിഞ്ഞു.
അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രിബ്യൂണല്‍ നഷ്ടപരിഹാരം നിഷേധിക്കുകയായിരുന്നു. ട്രിബ്യൂണല്‍ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതിയും സുപ്രീംകോടതിയും വിസമ്മതിച്ചു. പ്രതിമാസം മൂന്നു ലക്ഷം രൂപ വരുമാനമുള്ള കോണ്‍ട്രാക്ടറാണ് രവിഷാ യെന്നും അതിനാല്‍ 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മോട്ടോര്‍ വാഹനാപകട ട്രിബ്യൂണലിനു മുന്‍പാകെ കുടുംബം ആവശ്യപ്പെട്ടിരുന്നത്.
Discussion about this post