ന്യൂദൽഹി: അവകാശങ്ങളെപ്പറ്റി മാത്രം ബോധമുള്ള, കടമകൾ മറക്കുന്ന ജനത ഏതൊരു രാജ്യത്തിനും ഭാരമാണ്. ഭാരതം ഇന്ന് ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ്. അതൊരു ബാദ്ധ്യതയാവാതെ, കരുത്തായി മാറണമെങ്കിൽ രാജ്യത്തെ ഓരോ വ്യക്തിയും സ്വധർമ്മം എന്താണെന്ന് അറിയണം. കുടുംബത്തോടും സമൂഹത്തോടും പ്രകൃതിയോടും രാജ്യത്തോടും തനിക്കുള്ള ഉത്തരവാദിത്വങ്ങൾ തിരിച്ചറിയണം. അതനുസരിച്ചു പ്രവർത്തിക്കണം.
അവനവനാത്മസുഖത്തിനായി ആചരിക്കുന്നവ ചുറ്റുമുള്ള സമൂഹത്തിനുകൂടി സുഖത്തിനായി വരണമെന്ന ആഗ്രഹം എല്ലാവരുടെയും ഉള്ളിലുണ്ടാവണം. അങ്ങനെയല്ലാതെ നേടുന്ന അവകാശങ്ങൾ ത്യജിക്കാനും പഠിക്കണം. ഇതാണ് രാഷ്‌ട്രീയ സ്വയംസേവക് സംഘ് രാഷ്‌ട്രപുരോഗതിക്കായി മുന്നോട്ടു വയ്‌ക്കുന്ന “പഞ്ച പരിവർത്തൻ” പദ്ധതിയിലെ “നാഗരിക് കർത്തവ്യ”മെന്ന ലക്‌ഷ്യം. ഇതിന്റെ പൂർത്തീകരണം ബാലഗോകുലത്തിന്റെകൂടി കടമയാണ്.
സ്വയംപര്യാപ്തത നേടിയ, സ്വസംസ്കാരത്തെ പരിപോഷിപ്പിക്കുന്ന ആത്മാഭിമാനമുള്ള, അദ്ധ്വാനിക്കുന്ന ജനതയാണ് ഭരണപരമായ സ്വാതന്ത്ര്യം സാക്ഷാത്കരിക്കുന്നത്. വ്യക്തികേന്ദ്രിതമായ പ്രവൃത്തികളിലൂടെ സമൂഹത്തെ കലുഷമാക്കുകയോ ഭിന്നിപ്പിക്കുകയോ ചെയ്യാനുള്ളതല്ല ആ സ്വാതന്ത്ര്യം; മറിച്ച് സേവനം മുതൽ സർഗ്ഗാത്മകത വരെ എല്ലാം സാമൂഹികനന്മയെ ലക്‌ഷ്യം വെയ്‌ക്കുമ്പോൾ നേടുന്നതാണ്. അതുകൊണ്ട് പൗരന്റെ ഓരോ പ്രവൃത്തിയും കുടുംബത്തോടെന്ന പോലെതന്നെ സമൂഹത്തോടും രാഷ്‌ട്രത്തോടും ഉള്ള കടമയായി മാറണം. അത്തരം ഒരു സമൂഹത്തിനു മാത്രമേ സർവ്വതോമുഖമായ പുരോഗതി കൈവരിക്കാൻ കഴിയൂ.
ബാലഗോകുലം ദൽഹി എൻസിആറിലെ കുട്ടികളും പ്രവർത്തകരും ഈ ലക്‌ഷ്യം സഫലമാക്കാൻ സർവ്വാത്മനാ പ്രയത്നിക്കും എന്ന് ഈ പ്രമേയത്തിലൂടെ പ്രതിജ്ഞ ചെയ്യുന്നു. അതോടൊപ്പം എല്ലാ സർക്കാർ സംവിധാനങ്ങളോടും സാമൂഹിക സംഘടനകളോടും നമ്മുടെ രാജ്യത്ത് ഉത്തരവാദിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
Discussion about this post