സോലാപൂർ (മഹാരാഷ്ട്ര): സ്ത്രീകളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സോലാപൂരിൽ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന വനിതാ സംരഭകത്വ പ്രസ്ഥാനമായ ഉദ്യോഗ വർധിനി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങളെ നേരിടാനും മറികടക്കാനും സാമ്പത്തികമായി സ്വയംപര്യാപ്തരാകേണ്ടതുണ്ട്. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ ഓരോ പരിശ്രമവും രാഷ്ട്രത്തിനുവേണ്ടിയായിരിക്കണമെന്നത് മനസിൽ സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി പ്രയോജനം ലഭിച്ചില്ലെങ്കിലും രാഷ്ട്രത്തിന് പ്രയോജനം ലഭിക്കണമെന്ന ആശയം എല്ലാവരുടെയും മനസ്സിൽ ഉറപ്പിക്കണം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ മാതൃകയാണെന്ന് സർസംഘചാലക് ഓർമ്മിപ്പിച്ചു. ഒന്നുമില്ലായ്മയിൽ നിന്ന് സ്വാശ്രയത്വത്തിൻ്റെ ലോകം കെട്ടിപ്പടുത്ത ഉദ്യോഗവർദ്ധിനിയിലെ കഠിനാധ്വാനികളായ സ്ത്രീകളുടെ വിജയഗാഥകൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. മോഹൻ ഭാഗവതിനെ ഉദ്യോഗ വർദ്ധിനി സ്ഥാപക പ്രസിഡന്റ് ചന്ദ്രിക ചൗഹാൻ്റെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു. ഉദ്യോഗവർദ്ധിനി നടത്തുന്ന തയ്യൽ, സേവ പ്രവർത്തനം, അന്നപൂർണ്ണ യോജന, കൗൺസിലിങ്, തൊഴിൽ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ചന്ദ്രിക ചൗഹാൻ വിശദീകരിച്ചു.
കഴിഞ്ഞ 21 വർഷത്തിനിടെ ഉദ്യോഗവർദ്ധിനി പതിനായിരത്തിലധികം സ്ത്രീകളെ സ്വാശ്രയശീലരാക്കുന്ന 350 സംരംഭകരെ സൃഷ്ടിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
Discussion about this post