ന്യൂദൽഹി: സമാജത്തിൽ ഭിന്നതകൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനകളെ ഇല്ലാതാക്കാൻ ഹിന്ദു സംഘടിക്കുകയും ഒന്നാവുകയും വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്രീയ പ്രബന്ധ സമിതി പ്രമേയം. മനുഷ്യ ക്ഷേമത്തിനായുള്ള പുണ്യപ്രവൃത്തികളിൽ ഹിന്ദു സമൂഹം നിരന്തരം ഏർപ്പെട്ടിരിക്കുകയാണ്. എന്നാൽ നിരവധി ദുഷ്ട ശക്തികൾ ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ജാതി, ഭാഷ, പ്രദേശം, ലിംഗഭേദം, ആരാധനാരീതി, പാരമ്പര്യം, ആചാരങ്ങൾ, പെരുമാറ്റം എന്നിവയുടെ പേരിൽ ഐക്യം ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഹിന്ദുക്കളെ ഹിന്ദുക്കൾക്കെതിരെ അണിനിരത്തുന്നു. ജാതി മുൻവിധിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിക്കാനും പരസ്പരം അവിശ്വാസം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനകളും ആസൂത്രിതമായ മതപരിവർത്തന നീക്കങ്ങളും നടക്കുന്നു.
ഹിന്ദു ചിഹ്നങ്ങൾ, ആരാധ്യരായ സംന്യാസിമാർ, പാരമ്പര്യങ്ങൾ, ഉത്സവങ്ങൾ എന്നിവയിൽ അവിശ്വാസം സൃഷ്ടിക്കൽ, ഹിന്ദു തനിമ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ, യുവാക്കളുടെയും സ്ത്രീകളുടെയും മനസ്സിൽ പാരമ്പര്യത്തോട് അപകർഷതാബോധം സൃഷ്ടിക്കൽ, എന്നിവയാണ് ഈ ഗൂഢശക്തികളുടെ ലക്ഷ്യങ്ങളെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
വിദേശ ഫണ്ടുള്ള പുരോഗമന വാദ, മതപരിവർത്തന ശക്തികൾ, ഭാരത വിരുദ്ധ ആഗോള സംഘങ്ങൾ എന്നിവ ഈ ഗൂഢാലോചനയിൽ സജീവമാണ്. ഹിന്ദു സമൂഹത്തെ തകർക്കുകയും ഭാരതത്തിൻ്റെ വേരുകളെ ആക്രമിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം.ഈ ഗൂഢാലോചനകൾക്കിടയിലും ഹിന്ദു ഉണർവ് പ്രകടമാണെന്ന് പ്രബന്ധ സമിതി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ഹിന്ദു സമൂഹം അതിന്റെ ധർമ്മത്തിലേക്കും പാരമ്പര്യത്തിലേക്കും സംസ്കാരത്തിലേക്കും മടങ്ങുകയാണ്. മഹാ കുംഭമേള, കൻവാർ യാത്ര, ശ്രീ അമർനാഥ് യാത്ര, ശ്രീരാമ ജന്മഭൂമിയിലെ മഹാക്ഷേത്ര നിർമ്മാണം, ഗോസംരക്ഷണ പ്രസ്ഥാനങ്ങൾ, വിവിധ ധാർമ്മികപരിപാടികൾ, തീർത്ഥാടനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ ഹിന്ദു സമൂഹത്തിന്റെ വിരാട രൂപം വെളിപ്പെടുത്തുന്നു. ദേശീയ, ഹിന്ദു ജീവിത മൂല്യങ്ങളുമായി ബന്ധപ്പെട്ട സാഹിത്യം, കല, സംഗീതം മുതലായവയോടുള്ള വർദ്ധിച്ചുവരുന്ന ആകർഷണം, ഹിന്ദു വീരനായകരോടുള്ള വർദ്ധിച്ചുവരുന്ന ആദരവ് എന്നിവയെല്ലാം ഹിന്ദു ഉണർവിന്റെ ദ ലക്ഷണങ്ങളാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
വിഭജന ശക്തികളെ തിരിച്ചറിയാൻ സമൂഹം തയാറാവണം.ഭിന്നതകൾ പൂർണമായും ഇല്ലാതാക്കണം. സർക്കാരുകൾ പാഠ്യപദ്ധതിയിൽ ധാർമ്മിക വിദ്യാഭ്യാസം ഉൾപ്പെടുത്തണം. ഓരോ ഹിന്ദുവും സംഘടിച്ച് സാമൂഹിക വിരുദ്ധ ശക്തികളെ ഫലപ്രദമായി ചെറുക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു.
Discussion about this post