ന്യൂദൽഹി: ആർ എസ് എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കുന്ന ആദ്യ സംവാദ പരമ്പര 26ന് ആരംഭിക്കും. 26 മുതൽ 28 വരെ വൈകിട്ട് 5.30 ന് ദൽഹി വിജ്ഞാൻ ഭവനിലാണ് അദ്ദേഹം ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യുന്നതെന്ന് അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. “നൂറ് വർഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങൾ” എന്ന തലക്കെട്ടിലാകും പരിപാടി.
ദൽഹിക്ക് പുറമേ ബെംഗളൂരു, കൊൽക്കത്ത, മുംബൈ നഗരങ്ങളിലും സമാനമായ രീതിയിൽ ത്രിദിന സംവാദ പരമ്പരയിൽ സർസംഘചാലക് പങ്കെടുക്കുമെന്ന് സുനിൽ ആംബേക്കർ പറഞ്ഞു.
നൂറ് വർഷമായി തുടരുന്ന ആർ എസ് എസ് പ്രവർത്തനവും മുന്നോട്ടുള്ള കാഴ്ചപ്പാടുകളും അദ്ദേഹം അവതരിപ്പിക്കും. വ്യത്യസ്തമേഖലകളിൽ നിന്ന് ക്ഷണിക്കുന്ന പ്രമുഖ വ്യക്തികളെയാകും സർസംഘചാലക് അഭിസംബോധന ചെയ്യുക. സമാജത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവരുമായി സംഘം പുലർത്തുന്ന സഹജമായ സമ്പർക്കത്തിൻ്റെ തന്നെ ഭാഗമാണ് ഈ പരിപാടിയെന്ന് സുനിൽ ആംബേക്കർ പറഞ്ഞു.
സമൂഹത്തെയാകെ ഒരുമിച്ച് ചേർത്ത് രാഷ്ട്രത്തിൻ്റെ വികാസ പ്രവർത്തനത്തിൽ മുന്നോട്ടു പോവുകയാണ് ലക്ഷ്യം. തനിമയിലൂന്നിയ വികസനമാണ് വേണ്ടത്. ധാർമ്മിക, സാംസ്കാരിക, സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലകളിലെയെല്ലാം പ്രമുഖരെ ചേർത്ത് രാഷ്ട്രത്തിൻ്റെ മുന്നേറ്റത്തിനായി ഒരു ചിന്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് സുനിൽ ആംബേക്കർ കൂട്ടിച്ചേർത്തു. ആർഎസ്എസ് ദൽഹി പ്രാന്ത സംഘചാലക് ഡോ. അനിൽ അഗർവാളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post