ന്യൂദല്‍ഹി: പതിറ്റാണ്ടുകളായി അമേരിക്ക പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതെങ്ങനെയെന്ന് കാണിക്കുന്ന 1971ലെ ഒരു പത്രവാര്‍ത്ത സൈന്യം സോഷ്യല്‍ മീഡിയയയില്‍ പങ്കുവച്ചു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഭാരതത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഇറക്കുമതിത്തീരുവയും പിഴയും ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പോസ്റ്റ്.
സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡ് എക്സില്‍ പങ്കുവച്ച പത്ര കട്ടിങ് 1971 ആഗസ്ത് അഞ്ചിലേതായിരുന്നു. 1971ലെ യുദ്ധത്തിന് മുന്നോടിയായി അമേരിക്ക പാകിസ്ഥാന് ആയുധങ്ങള്‍ നല്കുന്നത് എങ്ങനെയെന്ന് ഇതില്‍ കാണിച്ചിരുന്നു. ആ വര്‍ഷത്തെ ഈ ദിവസം യുദ്ധത്തിന്റെ മുന്നൊരുക്കം – ആഗസ്ത് 5, 1971′ എന്ന് സൈന്യം പോസ്റ്റിന് അടിക്കുറിപ്പ് നല്കി.
പാകിസ്ഥാന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനെപ്പറ്റി നാറ്റോ ശക്തികളെയും സോവിയറ്റ് യൂണിയനെയും സമീപിച്ച കാര്യം അന്നത്തെ പ്രതിരോധ ഉത്പാദന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി.സി. ശുക്ല രാജ്യസഭയില്‍ പറഞ്ഞതായി പത്രവാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു. പാകിസ്ഥാന് ആയുധങ്ങള്‍ നല്കുന്ന കാര്യം സോവിയറ്റ് യൂണിയനും ഫ്രഞ്ച് സര്‍ക്കാരും നിഷേധിച്ചപ്പോള്‍, യുഎസ് പിന്തുണ തുടര്‍ന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയും ചൈനയും കുറഞ്ഞ വിലയ്‌ക്ക് പാകിസ്ഥാന് ആയുധങ്ങള്‍ വിറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1971ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ പോരാടിയത് ഈ രണ്ട് രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
Discussion about this post