ന്യൂദൽഹി: കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം, കർഷകക്ഷേമത്തിനാണ് ഏറ്റവും മുൻഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമമാദി പറഞ്ഞു. എന്തു വിലകൊടുക്കേണ്ടിവന്നാലും കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ”വ്യക്തിപരമായി വലിയ വില ഇതിന് നൽകേണ്ടിവരുമെന്ന് എനിക്കറിയാമെന്ന് പറഞ്ഞു. പക്ഷേ ഞാൻ അതിന് തയ്യാറാണ്. ഭാരതം ഇന്ന് മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി വളർത്തുന്നവർക്കും ഈ രാജ്യത്തെ ഓരോ കർഷകനും വേണ്ടി സജ്ജമാണ്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കൃഷിച്ചെലവ് കുറയ്‌ക്കുന്നതിനും പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനും ഈ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു, മോദി പറഞ്ഞു. കർഷക ബില്ലും അതിന്റെ മേലുണ്ടായ എതിർപ്പും എല്ലാം ഓർമ്മിപ്പിച്ചായിരുന്നു പ്രസംഗം.
ഭാരതത്തിന്റെ ഹരിത വിപ്ലവ കാരണക്കാരൻ കൂടിയായ കൃഷിശാസ്ത്രജ്ഞൻ ഡോ.എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദി ആഘോഷം ദൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ പുരോഗതിയുടെ അടിത്തറയായി കർഷകരുടെ ശക്തിയെ നമ്മുടെ സർക്കാർ കണക്കാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സമീപ വർഷങ്ങളിൽ രൂപപ്പെടുത്തിയ നയങ്ങൾ സഹായത്തെക്കുറിച്ച് മാത്രമല്ല, കർഷകരിൽ ആത്മവിശ്വാസം വളർത്തുന്നതിനും ലക്ഷ്യമിട്ടത്, പ്രധാനമന്ത്രി പറഞ്ഞു.
ശാസ്ത്രം കണ്ടെത്തലിൽ മാത്രമല്ല, അതിന്റെ പ്രയോഗം എത്രമാത്രം ഫലവത്താണ് എന്നതാണ് പ്രധാനമെന്ന് ഒരിക്കൽ എം.എസ്. സ്വാമിനാഥൻ പറഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ഇത് തെളിയിച്ചു. ഒരു ഗവേഷകൻ മാത്രമായിരുന്നില്ല; പുതിയ കൃഷിരീതികൾ സ്വീകരിക്കാൻ കർഷകരെ സജീവമായി അദ്ദേഹം പ്രചോദിപ്പിച്ചു. ഇന്നും ഭാരതത്തിന്റെ കാർഷിക മേഖലയിലുടനീളം അദ്ദേഹത്തിന്റെ സമീപനങ്ങളും ആശയങ്ങളും ദൃശ്യമാണ്. അദ്ദേഹം ശരിക്കും ഭാരതമാതാവിന്റെ രത്‌നമായിരുന്നു. ഭക്ഷ്യോൽപ്പാദനത്തിൽ ഭാരതത്തെ സ്വയംപര്യാപ്തമാക്കാനുള്ള പ്രസ്ഥാനത്തിന് ഡോ. എം.എസ്. സ്വാമിനാഥൻ നേതൃത്വം നൽകി. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വം ഹരിത വിപ്ലവത്തിനും അപ്പുറമായിരുന്നു. കൃഷിയിൽ വർദ്ധിച്ചുവരുന്ന രാസവസ്തുക്കളുടെ ഉപയോഗത്തിന്റെയും ഏകവിള കൃഷിയുടെയും അപകടങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം കർഷകരെ ബോധവാന്മാരാക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയാണ് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് പരമോന്നത ബഹുമതിയായ ഭാരതരത്‌നം നൽകി ആദരിച്ചത്, പ്രധാനമന്ത്രി പറഞ്ഞു.
ശതാബ്ദി വർഷത്തിൽ ഡോ.സ്വാമിനാഥന്റെ പേരിൽ പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് വകുപ്പ് ഇറക്കിയ ഓർമ്മദിന സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
Discussion about this post