ഇൻഡോർ: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് ഏറ്റവും ചെലവ് കുറഞ്ഞ കാൻസർ ചികിത്സയുമായി പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമിട്ട് മാധവ് സൃഷ്ടി സേവാ സമിതി. പദ്ധതി ആരോഗ്യസേവയുടെ ഉത്തമ ഉദാഹരണമാണെന്ന് ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. ഇത് നേരിട്ടുള്ള സേവനമാണ്. സമൂഹത്തിന്റെ സന്തോഷം തന്നെയാണ് സ്വന്തം സന്തോഷമെന്ന ധാർമ്മിക വിചാരമാണ് പദ്ധതിക്ക് പിന്നിൽ. രാജ്യത്ത് ആരോഗ്യ സേവന മേഖലയിൽ നിരവധി മികച്ച മാതൃകകൾ ഉയർന്നു വരുന്നുണ്ട്.
സേവനം ചെലവുകുറഞ്ഞതും എളുപ്പമുള്ളതും ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ചികിത്സാമാർഗങ്ങൾ, വ്യത്യസ്ത അന്തരീക്ഷം, കാലാവസ്ഥാ വൈവിധ്യം എന്നിവയെ ആശ്രയിച്ചുള്ള ചികിത്സ ഉപയോഗപ്രദമാണ്. വ്യക്തിഗത സ്വഭാവത്തിനനുസരിച്ച് ‘കസ്റ്റമൈസ്ഡ്’ ചികിത്സാ സംവിധാനം ഈ പദ്ധതിയിൽ ഉണ്ട്. ഇവിടെ ഒരേ മേൽക്കൂരയ്ക്കു കീഴിൽ എല്ലാ ചികിത്സകളും ലഭ്യമാണ്. തുടർച്ചയായ സേവനം ലഭ്യമാക്കുന്നത് അഭിനന്ദനാർഹമാണ്. നമ്മുടെ സേവനം സ്വീകരിക്കുന്നവർ, പിന്നീട് സേവനം നൽകുന്നവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് ശാഖ മാത്രമാണ് നടത്തുന്നത്. മറ്റെല്ലാം സ്വയംസേവകർ സ്വയം ചെയ്യുന്നതാണെന്ന് മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.
നാല് നിലയിൽ ആരംഭിച്ച പുതിയ കേന്ദ്രം പ്രധാനമായും ക്യാൻസർ ചികിത്സയ്ക്കും വൈവിധ്യമാർന്ന പരമ്പരാഗത ചികിത്സാ രീതികൾക്കുമായാണ് സമർപ്പിച്ചിരിക്കുന്നത്. താഴത്തെ രണ്ട് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കിൽ ക്യാൻസർ ചികിത്സ നൽകും. പരിചയസമ്പന്നരായ ക്യാൻസർ വിദഗ്ധരുടെ സംഘം, ഏറ്റവും പുതിയ ഉപകരണങ്ങളുടെയും രീതികളുടെയും സഹായത്തോടെ സേവനം നൽകും. ആദ്യഘട്ടത്തിൽ കീമോതെറാപ്പി, സി.ടി. സ്‌കാൻ എന്നിവ ആരംഭിക്കും. ഉടൻ തന്നെ റേഡിയേഷൻ ചികിത്സയും തുടങ്ങും. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള, രണ്ടു ബങ്കറുകൾ തയ്യാറായിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുള്ള ലൈനാക് മെഷീൻ ഉടൻ സ്ഥാപിക്കും. കൂടാതെ ക്യാൻസർ ചികിത്സയ്‌ക്കാവശ്യമായ എല്ലാ മരുന്നുകളും കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകും.
ഒരു നിലയിൽ പ്രകൃതിചികിത്സാ കേന്ദ്രമാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വേർതിരിച്ച യൂണിറ്റുകളോടെ. ഇവിടെ ആയുർവേദം, ഹോമിയോപ്പതി, യോഗ ചികിത്സ, ന്യൂറോ തെറാപ്പി, ക്രയോ തെറാപ്പി, പാലിയേറ്റീവ് കെയർ, അക്യുപംക്ചർ, അക്യുപ്രെഷർ തുടങ്ങിയ മാർഗങ്ങൾ, ആധുനിക ഉപകരണങ്ങളോടും പരിചയസമ്പന്നരായ ഡോക്ടർമാരുടെ മേൽനോട്ടത്തോടും കൂടി ലഭ്യമാകും. വരും തലമുറയെ സംസ്കാരസമ്പന്നരാക്കി വളർത്തുന്നതിനായി ‘ഗർഭസംസ്കാർ കേന്ദ്രം’ കൂടി സ്ഥാപിച്ചിട്ടുണ്ട്.
ഒരു നിലയിൽ ഇൻഡോറിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി സമീപ പ്രദേശങ്ങളിൽ നിന്ന് വരുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും, കുറഞ്ഞ നിരക്കിൽ താമസവും ഭക്ഷണവും ലഭ്യമാകും. കേന്ദ്രം സമൂഹത്തിലെ എല്ലാവർക്കും തുറന്നിരിക്കും,
പരിപാടിയിൽ സിംബയോടെക് ഫാർമലാബ് ചെയർമാൻ അനിൽ സത്യാനി അധ്യക്ഷത വഹിച്ചു. ആർ എസ് എസ് മാൾവ പ്രാന്ത സംഘചാലക് പ്രകാശ് ശാസ്ത്രി, ശ്രീ ഗുരുജി സേവാ ട്രസ്റ്റിന്റെ അധ്യക്ഷൻ മുകേഷ് ഹജേല, സെക്രട്ടറി സന്ദീപ് ജമീന്ദാർ എന്നിവർ പങ്കെടുത്തു.




Discussion about this post