ജോധ്പൂർ: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് നാളെ മുതൽ ഏഴ് വരെ ജോധ്പൂരിലെ ലാൽസാഗറിൽ നടക്കും. ആർഎസ്എസിന് പുറമേ സംഘ ആശയത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 32 സംഘടനകളുടെ പ്രധാന ചുമതലക്കാരും മഹിളാസമന്വയത്തിൻ്റെ ഭാരവാഹികളുമടക്കം 320 പേരാണ് ബൈഠക്കിൽ പങ്കെടുക്കുന്നതെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർസംഘചാലക് ഡോ. മോഹൻ ഭാഗവത് മാർഗദർശനം നല്കും. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാൽ, സി. ആർ. മുകുന്ദ, അരുൺ കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ, അലോക് കുമാർ എന്നിവരും പങ്കെടുക്കും.
എബിവിപി, ബിഎംഎസ്, ഭാരതീയ കിസാൻ സംഘ്, വനവാസി കല്യാണാശ്രമം, സക്ഷമ, വിദ്യാഭാരതി എന്നീ സംഘടനകൾ സവിശേഷ വൃത്തം അവതരിപ്പിക്കും.
ബൈഠക്ക് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സുനിൽ ആംബേക്കർ പറഞ്ഞു. ബംഗാൾ, പഞ്ചാബ്, ആസാം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വനവാസി വിഭാഗം അഭിമുഖീകരിക്കുന്ന വിഷയങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യും. സമാജ പരിവർത്തനത്തിന് സംഘം മുന്നോട്ടു വച്ച പഞ്ച പരിവർത്തന ആശയങ്ങളും ചർച്ച ചെയ്യും.
ദേശീയ വിദ്യാഭ്യാസ നയം, സംഘത്തിൻ്റെ ശതാബ്ദി കാര്യക്രമങ്ങൾ, ജനജാതി സമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പരിശ്രമങ്ങൾ എന്നിവയും ചർച്ചാവിഷയമാകും.
എന്തെങ്കിലും തീരുമാനം എടുക്കുന്നതിനുള്ള യോഗമല്ല ഇതെന്ന് സുനിൽ ആംബേക്കർ പറഞ്ഞു. വിവിധ സംഘടനകൾ തമ്മിലുള്ള ചർച്ചകൾക്കും സംഭാഷണങ്ങൾക്കും വേണ്ടിയുള്ള അവസരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post