ജോധ്പൂര്‍: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുതകുന്ന നയപരിപാടികള്‍ ചര്‍ച്ച ചെയ്ത് ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്ക്. വിദ്യാഭ്യാസ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഇത് സംബന്ധിച്ച് നടപ്പാക്കുന്ന പരിപാടികളെക്കുറിച്ച് ബൈഠക്കില്‍ ചര്‍ച്ച ചെയ്തുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഖില ഭാരതീയ രാഷ്ട്രീയ ശിക്ഷക് മഹാസംഘ്, വിദ്യാഭാരതി, ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്, ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, സംസ്‌കൃത ഭാരതി എന്നിവയുള്‍പ്പെടെ വിവിധ സംഘടനകള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
വിദ്യാഭ്യാസമേഖലയിലെ ഭാരതീയവത്കരണം അനിവാര്യമാണ്. ഭാരതീയ വിജ്ഞാന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പുസ്തകങ്ങളുടെ പുനരാഖ്യാനം ആവശ്യമാണ്. മാതൃഭാഷയിലൂന്നിയുള്ള വിദ്യാഭ്യാസത്തിന് മുന്‍തൂക്കം വേണം. എല്ലാ ഭാരതീയ ഭാഷകളും രാഷ്ട്രഭാഷകളാണ്. പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ എല്ലാ മേഖലയിലും മാതൃഭാഷ മാധ്യമമാകണം. ഇംഗ്ലീഷിനോട് എതിര്‍പ്പില്ല, പക്ഷേ വിദ്യാഭ്യാസത്തിലും ഭരണത്തിലും ഭാരതീയ ഭാഷകള്‍ക്ക് ശരിയായ സ്ഥാനം ലഭിക്കണം, ബൈഠക് വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ജോധ്പൂരിലെ ലാല്‍സാഗറില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന സമന്വയ ബൈഠക്കില്‍ വിദ്യാഭ്യാസ, സാമാജിക, ദേശീയവിഷയങ്ങളുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തു.
പഞ്ചാബില്‍ വര്‍ദ്ധിക്കുന്ന മതപരിവര്‍ത്തനങ്ങളിലും മയക്കുമരുന്ന് വ്യാപനത്തിലും ബൈഠക്ക് ആശങ്ക പ്രകടിപ്പിച്ചു. ഇവിടെ സേവാ ഭാരതിയും വിദ്യാര്‍ത്ഥി പരിഷത്തും നടത്തുന്ന സാമൂഹിക ജനജാഗരണവും ലഹരിവിമുക്ത പ്രചാരണങ്ങളും കുറച്ചൊക്കെ ഫലം ചെയ്തിട്ടുണ്ട്. ബംഗാളിലെ ഹിന്ദുസമൂഹം നേരിടുന്ന അരക്ഷിതാവസ്ഥ ഇപ്പോഴും തുടരുകയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. എന്നാല്‍ ബംഗാള്‍ ഒഴിച്ച് മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏറെക്കുറെ ശാന്തമായി കഴിഞ്ഞു. ആ സംസ്ഥാനങ്ങള്‍ വികസനത്തിന്റെ പാതയില്‍ ഒറ്റക്കെട്ടായി മുന്നേറുന്നു. മണിപ്പൂരിലെ സമീപകാല സംഭവങ്ങളിലെ ആശങ്കകള്‍ പരിഹരിക്കാന്‍ നടത്തിയ സംഭാഷണാധിഷ്ഠിത സമാധാന ശ്രമങ്ങളെ സമന്വയ ബൈഠക്ക് അഭിനന്ദിച്ചു.വനവാസി മേഖലകളില്‍ നക്‌സലൈറ്റ്, മാവോയിസ്റ്റ് അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വനവാസി കല്യാണാശ്രം ത്തുന്ന ഹോസ്റ്റലുകളും അവകാശപ്രവര്‍ത്തനങ്ങളും നേടുന്ന പിന്തുണ തെളിയിക്കുന്നത് ഭാരതീയ പാരമ്പര്യവും ദേശീയ ആശയങ്ങളും വനവാസി സമൂഹത്തിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയാണെന്ന് സുനില്‍ ആംബേക്കര്‍ ചൂണ്ടിക്കാട്ടി.
സംഘ ശതാബ്ദി കാര്യക്രമങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്തു. പരിസ്ഥിതി സംരക്ഷണം, കുടുംബ പ്രബോധനം, പൗരധര്‍മ്മം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടത്തും. ഒക്ടോബര്‍ രണ്ടിന് നാഗ്പൂരിലെ വിജയദശമി ഉത്സവത്തോടെയാണ് ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി തുടങ്ങുക.എല്ലാ സംഘടനകളുടെ പ്രധാന ചുമതലകളില്‍ സ്ത്രീപങ്കാളിത്തം കൂടുതലായി ഉണ്ടാകണമെന്ന അഭിപ്രായം ബൈഠക്കിലുയര്‍ന്നു. ക്രീഡാഭാരതി വനിതാകായിക താരങ്ങളില്‍ യോഗ പരിജ്ഞാനവും പരിശീലനവും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ 887 പരിപാടികളാണ് വനിതാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്.
കാശി-മഥുര തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള പരിഹാരം പോരാട്ടമോ പ്രക്ഷോഭമോ അല്ല, മറിച്ച് നിയമപരമായ ഇടപെടലുകളും പരസ്പര സംഭാഷണങ്ങളുമാണ് മാര്‍ഗമെന്ന് സുനില്‍ ആംബേക്കര്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍, ജോധ്പൂര്‍ പ്രാന്ത സംഘചാലക് ഹര്‍ദയാല്‍ വര്‍മ്മയും പങ്കെടുത്തു.
Discussion about this post