ന്യൂദല്‍ഹി: ദല്‍ഹി അയ്യപ്പ ഭക്ത സംഗമവും അയ്യപ്പ ജ്യോതിയും ഇന്ന്. ശബരിമലയില്‍ പണത്തിന്റെ പേരില്‍ ഭക്തരെ വേര്‍തിരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, നാമജപം നടത്തിയ ഭക്തര്‍ക്കെതിരേയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി സംരക്ഷിക്കുക എന്നിവ ഉന്നയിച്ചാണ് രാജ്യ തലസ്ഥാനത്ത് അയ്യപ്പ ഭക്തര്‍ സംഗമിക്കുന്നത്.
കോടികള്‍ ചെലവഴിച്ചു സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരായ പ്രതിഷേധവും ഉയരും. വൈകിട്ട് അഞ്ചിനു രാമകൃഷ്ണപുരം അയ്യപ്പ ക്ഷേത്രത്തിലെ സംഗമത്തില്‍ ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി അനുഗ്രഹഭാഷണം നടത്തും.
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ദല്‍ഹി മന്ത്രി പര്‍വേഷ് സാഹിബ് സിങ്, ബാന്‍സുരി സ്വരാജ് എംപി, അനില്‍ ശര്‍മ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. ദല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് അയ്യപ്പ ഭക്തര്‍ സംഗമത്തിനെത്തും. ജനം ടിവിയും വിവിധ സാംസ്‌കാരിക, സാമുദായിക സംഘടനകളും ക്ഷേത്ര സമിതികളും ചേര്‍ന്നാണ് സംഗമം സംഘടിപ്പിക്കുക.
Discussion about this post