ബരാബങ്കി(ഉത്തര്‍പ്രദേശ്): കൊവിഡ് കാലത്തെ സേവനങ്ങള്‍ പ്രേരണയാക്കി ബരേഠിയില്‍ ലക്ഷ്മിനാരായണ ക്ഷേത്രം ഉയര്‍ന്നു. ബാരാബങ്കിയിലെ ബരേഠി മേഖലയില്‍ കൊവിഡ് സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി രൂപം കൊണ്ട നാരായണ്‍ സേവാ സന്‍സ്ഥാനാണ് ക്ഷേത്രം നിര്‍മ്മിച്ചത്. ബരേഠിയിലെ സേവാപ്രവര്‍ത്തനങ്ങള്‍ കൊവിഡിന് ശേഷവും തുടര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സന്‍സ്ഥാന് പിന്നില്‍. ക്ഷേത്രങ്ങള്‍ കേവലം മുക്തിയാചനയ്ക്കുള്ളതല്ല കേന്ദ്രങ്ങളല്ല, ആത്മചൈതന്യം ഉണരുന്ന ഇടങ്ങളാണെന്ന് ക്ഷേത്ര സമര്‍പ്പണം നിര്‍വഹിച്ച ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. മനുഷ്യരില്‍ ആന്തരിക ബോധം ഉണരുന്നതിലൂടെ പരോപകാരത്തിനും സേവനത്തിനുമുള്ള വഴി തുറക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിസന്ധികള്‍ സത്പ്രവര്‍ത്തികള്‍ക്കും വഴിയൊരുക്കാറുണ്ട്. കൊവിഡ് കാലം അതിനുദാഹരണമാണ്. മനുഷ്യര്‍ അവരവരിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്ന കാലത്താണ് മഹാമാരി വന്നത്. എന്നാല്‍ ആ സമയത്ത് അന്നവും തൊഴിലും നല്കാന്‍, സഹായമേകാന്‍ നിരവധി സംഘടനകള്‍ മുന്നോട്ടുവന്നു. സംഘത്തിന്റെ പ്രവര്‍ത്തകര്‍ അക്കാര്യത്തില്‍ സജീവമായി രംഗത്തിറങ്ങി. സേവനത്തിന്റെ മഹത്തായ പ്രേരണയില്‍നിന്നാണ് നാരായണ്‍ സേവാ സന്‍സ്ഥാന്‍ രൂപം കൊണ്ടത്.ഒരു സംഘടനയും വലുതാകുന്നത് ബാങ്ക് ബാലന്‍സിന്റെ ബലത്തിലല്ല, അത് നടത്തുന്നവരുടെ ചൈതന്യവും പ്രവൃത്തിയിലെ സത്യസന്ധതയും കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവം എല്ലായിടത്തുമുണ്ടെങ്കില്‍ പിന്നെ ക്ഷേത്രമെന്തിനെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. വായു എല്ലായിടത്തും ഉണ്ടെന്നിരിക്കെ സൈക്കിള്‍ ടയറിന്റെ കാറ്റ് പോയാല്‍ എന്തിനാണ് അത് പമ്പ് ചെയ്യുന്നതെന്നായിരുന്നു ഒരു ഭക്തന്റെ മറുചോദ്യം. ക്ഷേത്രം ജനമനസ്സില്‍ ഏകാത്മത ഉണര്‍ത്തുന്നു. കല്ലുംകട്ടയും കൊണ്ടുള്ള ഒരു ഘടന മാത്രമല്ല അത്. വ്യക്തിയെ പരമാത്മാവിലേക്ക് ബന്ധിപ്പിക്കുന്ന കേന്ദ്രമാണ്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ക്ഷേത്രം കേന്ദ്രമാക്കി ഗ്രാമം വികസിക്കണം. സാമൂഹികപ്രവര്‍ത്തകനായ അണ്ണാ ഹസാരെ റാലേഗണസിദ്ധി എന്ന ഗ്രാമത്തില്‍ ക്ഷേത്ര കേന്ദ്രീകൃത ഗ്രാമവികസനത്തിന് തുടക്കമിട്ടു. ക്ഷേത്രമാണ് തന്നെ പുലര്‍ത്തിയതെന്നും അനേകരെ മുന്നോട്ടുനയിക്കാന്‍ ക്ഷേത്രസംസ്‌കൃതിക്ക് കഴിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ 900 വര്‍ഷം പഴക്കമുള്ള സീതാരാമ ക്ഷേത്രപരിസരത്ത് കുമിഞ്ഞുകൂടിയ മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ ജോലി രാജിവച്ച ഒരു സ്വയംസേവകനുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍, ആ ക്ഷേത്രം ഗ്രാമ വികാസത്തിന്റെ കേന്ദ്രമായി മാറിയതാണ് അനുഭവം.
ഗ്രാമവികസനവും കുടില്‍ വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി പരിശ്രമിക്കുന്നു. സ്വയംസേവകരും ഇതേ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവ ഉറപ്പാക്കാന്‍ സംഘടനകള്‍ പ്രവര്‍ത്തിക്കണം. ഭാരതത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. നരസേവ തന്നെയാണ് നാരായണ സേവ എന്നറിയണം. ലക്ഷ്മിയും നാരായണനും പ്രകൃതിയുടെയും മനുഷ്യന്റെയും മൂര്‍ത്തീഭാവമാണ്, സര്‍കാര്യവാഹ് പറഞ്ഞു.
ജീവിതവും സമ്പത്തും തമ്മിലുള്ള ബന്ധം വള്ളവും വെള്ളവും പോലെയാണ്. വള്ളത്തിന് പോകാന്‍ വെള്ളം ആവശ്യമാണ്. എന്നാല്‍ അതേ വെള്ളം വള്ളത്തില്‍ കയറിയാല്‍ അപകടമാകും. അതുപോലെ, ജീവന്‍ നിലനിര്‍ത്താന്‍ സമ്പത്ത് ആവശ്യമാണ്, എന്നാല്‍ സമ്പത്ത് ജീവിതത്തില്‍ ആധിപത്യം സ്ഥാപിച്ചാല്‍ നാശം ഉറപ്പാണ്. സത്യം, വിശുദ്ധി, കരുണ, തപസ് എന്നിവയാണ് ധര്‍മ്മത്തിന്റെ നാല് തൂണുകള്‍. ആരാധനാലയങ്ങള്‍ ഇവയുടെ ഉപാസനാകേന്ദ്രങ്ങളാകണം, സര്‍കാര്യവാഹ് പറഞ്ഞു.



Discussion about this post