ബെംഗളൂരു: അന്തരിച്ച മുതിർന്ന എഴുത്തുകാരനും പദ്മഭൂഷണ്‍ ജേതാവുമായ ഡോ എസ് എൽ ഭൈരപ്പയ്‌ക്ക് ബെംഗളുരു കലാക്ഷേത്രയിൽ ആർഎസ്എസ് സഹസർകാര്യവാഹ് സി.ആർ. മുകുന്ദ, ദക്ഷിൺമധ്യ ക്ഷേത്ര കാര്യവാഹ് എൻ. തിപ്പസ്വാമി എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. മൂന്ന് മാസമായി ബെംഗളൂരുവിലെ ജയദേവ മെമ്മോറിയല്‍ രാഷ്‌ട്രോത്ഥാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭൈരപ്പ. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.
സംസ്‌കാര ചടങ്ങുകള്‍ നാളെ മൈസൂരുവില്‍ നടക്കും. മൈസൂരുവില്‍ വെച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലേറെയുള്ള സാഹിത്യ ജീവിതത്തില്‍ അദ്ദേഹം 25 നോവലുകള്‍ എഴുതി. സ്ത്രീകളുടെ വീക്ഷണകോണിലൂടെയുള്ള രാമായണത്തിന്റെ പുനരാഖ്യാനമായ ഉത്തരകാണ്ഡം (2017) ആയിരുന്നു അവസാന നോവല്‍. ആദ്യ നോവല്‍ ഭീമകായ 1958ലാണ് പ്രസിദ്ധീകരിച്ചത്.
മഹാഭാരതത്തിന്റെ പുനരാഖ്യാനമായ പര്‍വ (1979), വംശവൃക്ഷ (1965), ഗൃഹഭംഗ (1970) എന്നീ നോവലുകള്‍ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളാണ്. 2010-ല്‍ മന്ദ്ര (2001) എന്ന നോവലിന് സരസ്വതി സമ്മാന്‍ അവാര്‍ഡ് നേടി. 2023-ല്‍ രാഷ്‌ട്രം പദ്മഭൂഷണ്‍ സമ്മാനിച്ച് ആദരിച്ചു. അദ്ദേഹത്തിന്റെ ഓരോ നോവലും ഒന്നിലധികം പതിപ്പുകളായി പുറത്തിറങ്ങി. അദ്ദേഹത്തിന്റെ എല്ലാ നോവലുകളും ഒന്നിലധികം ഭാരതീയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ നിരവധി നോവലുകള്‍ ബി. വി. കാരന്ത്, ഗിരീഷ് കര്‍ണാട്, ഗിരീഷ് കാസരവള്ളി, ടി. എന്‍. സീതാറാം എന്നിവര്‍ ചലച്ചിത്രമാക്കി. മുസ്ലീം ഭരണാധികാരികളെയും മതപരിവര്‍ത്തനത്തെയും തുറന്നുകാട്ടിയ നോവല്‍ അവരാന (2007) വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഭൈരപ്പയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശേചനം രേഖപ്പെടുത്തി.
Discussion about this post