ന്യൂദല്‍ഹി : ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ആഘോഷിക്കുമ്പോള്‍ ഏതെങ്കിലും ഒരു ഖാദി ഉല്‍പ്പന്നം വാങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.എന്നിട്ട് അത് തദ്ദേശീയമാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുക. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ ഇത് പങ്കുവെയ്‌ക്കുക. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വദേശി ഉല്പന്നങ്ങള്‍ സ്വീകരിക്കണമെന്ന് ഗാന്ധിജി എപ്പോഴും പറഞ്ഞിരുന്നതായും അവയില്‍ ഖാദി മുന്‍പന്തിയിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്വാതന്ത്ര്യാനന്തരം, ഖാദിയുടെ ആകര്‍ഷണീയത മങ്ങി. അതേസമയം, കഴിഞ്ഞ 11 വര്‍ഷമായി, രാജ്യത്തെ ജനങ്ങള്‍ക്ക് ഖാദിയോട് താല്പര്യം വര്‍ദ്ധിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങളായി ഖാദി വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൈത്തറി, കരകൗശല മേഖലകളിലും ഗണ്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. പാരമ്പര്യവും നൂതനാശയങ്ങളും സംയോജിപ്പിക്കുകയാണെങ്കില്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉണ്ടാകുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഇന്ന് നമ്മുടെ രാജ്യത്ത് കാണാന്‍ കഴിയും. തമിഴ്നാട്ടിലെ യാഴ് നാച്ചുറല്‍സിനെ ഉദാഹരണമായി മോദി ഉയര്‍ത്തിക്കാട്ടി.
അശോക് ജഗദീഷനും പ്രേം സെല്‍വരാജും കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് പുതിയ സംരംഭത്തിന് തുടക്കമിട്ടു. പുല്ലും വാഴനാരും ഉപയോഗിച്ച് യോഗ മാറ്റുകള്‍ നിര്‍മ്മിച്ചു, ഹെര്‍ബല്‍ ഡൈകള്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ ചായം പൂശി, 200 കുടുംബങ്ങള്‍ക്ക് പരിശീലനം കൊടുത്ത് തൊഴില്‍ നല്‍കി-മോദി പറഞ്ഞു.
ഝാര്‍ഖണ്ഡിലെ ആശിഷ് സത്യവ്രത് സാഹു, ജോഹര്‍ഗ്രാം ബ്രാന്‍ഡിലൂടെ ഗോത്ര നെയ്‌ത്തും വസ്ത്രങ്ങളും ആഗോളതലത്തില്‍ എത്തിച്ചതും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങളിലൂടെ മറ്റ് രാജ്യങ്ങളിലെ ആളുകളും ഝാര്‍ഖണ്ഡിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് ബോധവാന്മാരായി. ബിഹാറിലെ മധുബനി ജില്ലയില്‍ നിന്നുള്ള സ്വീറ്റി കുമാരി സങ്കല്‍പ് ക്രിയേഷന്‍ ആരംഭിച്ചു. മിഥില പെയിന്റിംഗിനെ സ്ത്രീകളുടെ ഉപജീവനമാര്‍ഗമാക്കി അവര്‍ മാറ്റി. ഇന്ന്, 500-ലധികം ഗ്രാമീണ സ്ത്രീകള്‍ അവരുമായി ചേര്‍ന്ന് സ്വാശ്രയത്വത്തിലേക്കുള്ള പാതയില്‍ മുന്നേറുന്നു. ഈ വിജയഗാഥകളെല്ലാം നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ പാരമ്പര്യങ്ങളില്‍ നിരവധി വരുമാന സ്രോതസുകള്‍ ഉണ്ടെന്നാണ്. ഇച്ഛാശക്തി ഉറച്ചതാണെങ്കില്‍ വിജയം നമ്മെ കൈവിടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post