ന്യൂദല്‍ഹി: ഭാരതത്തിനും ഭൂട്ടാനും ഇടയില്‍ ആദ്യമായി രണ്ട് റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നു. ആസാമിലെ കൊക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുമായും ബംഗാളിലെ ബനാര്‍ഹട്ടിനെ ഭൂട്ടാനിലെ മറ്റൊരു വ്യവസായനഗരമായ സാംത്സെയുമായും ബന്ധിപ്പിക്കുന്നതാണ് പദ്ധതികള്‍. രണ്ട് പദ്ധതികളും കൂടി 89 കിലോമീറ്റര്‍ നീളമുണ്ടാകും. 4033 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം. ഇരുരാജ്യങ്ങളും തമ്മിലുള്ള റെയില്‍ കണക്ടിവിറ്റി പദ്ധതികളുടെ ആദ്യഘട്ടത്തില്‍പ്പെടുന്നവയാണിവ. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവര്‍ഷം ഭൂട്ടാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഭാരതം. ഭൂട്ടാന്റെ സമ്പദ്വ്യവസ്ഥ വളരുന്നതിനും ഭൂട്ടാന്‍ ജനതയ്‌ക്ക് ആഗോള ശൃംഖലയിലേക്ക് മികച്ച പ്രവേശനം ലഭിക്കുന്നതിനും തടസമില്ലാത്ത റെയില്‍ കണക്ടിവിറ്റി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂട്ടാന്റെ അടിസ്ഥാന സൗകര്യമേഖലകളിലും മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിലും ആധുനികവല്‍ക്കരണത്തിലും ഭാരതം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വിദേശ കാര്യ സെക്രട്ടറി വിക്രംമിശ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊക്രജാര്‍- ഗെലെഫു റെയില്‍ ലൈന്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബനാര്‍ഹട്ട്- സാംത്സെ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കും. കൊക്രജാര്‍- ഗെലെഫു റെയില്‍ ലൈനില്‍ ആറ് സ്റ്റേഷനുകള്‍, രണ്ട് വയഡക്റ്റുകള്‍, 29 പ്രധാന പാലങ്ങള്‍, 65 ചെറിയ പാലങ്ങള്‍, ഒരു ഫ്‌ലൈഓവര്‍, 39 അണ്ടര്‍പാസുകള്‍ എന്നിവയുണ്ട്. ബനാര്‍ഹട്ട്- സാംത്സെ ലൈനില്‍ രണ്ട് സ്റ്റേഷനുകള്‍, ഒരു പ്രധാന ഫ്‌ലൈഓവര്‍, 24 ചെറിയ ഫ്‌ലൈഓവറുകള്‍, 37 അണ്ടര്‍പാസുകള്‍ എന്നിവ ഉള്‍പ്പെടും.
Discussion about this post