ലഖ്നൗ: രാഷ്ട്രധര്‍മ്മമാണ് ശാശ്വത ധര്‍മ്മമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജീവിക്കുന്നത് ഏത് മേഖലയിലായാലും പിറന്ന നാടിന് വേണ്ടി എന്ത് ചെയ്യാനാകും എന്നതായിരിക്കണം ഓരോ ഭാരതപൗരന്റെയും ചിന്തയെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി രാഷ്ട്രധര്‍മ്മ മാസിക പുറത്തിറക്കിയ സംഘം: വിചാരയാത്രയുടെ 100 വര്‍ഷങ്ങള്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ സ്വയംസേവകനും ഈ സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ട് സമൂഹത്തിന്റെ സന്തോഷവും സങ്കടവുമെല്ലാം സ്വന്തമെന്ന ഭാവമാണ് അവനിലുണ്ടാകുന്നത്.

നൂറ് വര്‍ഷത്തെ സംഘയാത്ര പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. നിരവധി പ്രവര്‍ത്തകരെ ഈ യാത്രയില്‍ നമുക്ക് നഷ്ടമായി. ധാരാളം പ്രയാസങ്ങള്‍ നേരിട്ടു. പക്ഷേ ഒരിക്കലും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചില്ല. ശരീരവും മനസും സമ്പത്തുമെല്ലാം സമര്‍പ്പിച്ച് അവര്‍ സമൂഹത്തെ സംഘടിപ്പിച്ചു. ഇതാണ് സംഘത്തിന്റെ യഥാര്‍ത്ഥ മൂലധനം.
നൂറ് വര്‍ഷം പിന്നിടുമ്പോള്‍ സമാജപരിവര്‍ത്തനം എന്ന പ്രവര്‍ത്തനത്തിന് ഗതിവേഗം കൂടണമെന്ന് സംഘം ആഗ്രഹിക്കുന്നു. അതിന് സമൂഹത്തില്‍ നടക്കുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങളുമായും നമ്മള്‍ ബന്ധപ്പെടും. സമൂഹത്തില്‍ പുനര്‍നിര്‍മ്മാണത്തിന്റെയും നവീകരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തുടരും. ഇവയെ പിന്തുണയ്ക്കുക മാത്രമല്ല, ഈ പ്രവര്‍ത്തനങ്ങളില്‍ സ്വയംസേവകരും പങ്കുചേരുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകനേതൃസ്ഥാനത്തേക്ക് കടന്നിരിക്കുന്ന ഭാരതത്തിന് വലിയ ഉത്തരവാദിത്തങ്ങളുണ്ട്. ആത്മീയത, സംസ്‌കാരം, മൂല്യങ്ങള്‍ എന്നിവയിലൂടെ ലോകത്തിന് ശരിയായ ദിശ കാണിക്കേണ്ടതുണ്ട്. കേവലം ഒരു സംഘടനയെ സൃഷ്ടിക്കുകയല്ല മറിച്ച് ഓരോ വ്യക്തിയെയും പരിഷ്‌കരിക്കുകയാണ് സംഘം ചെയ്യുന്നതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. വിനോദ് സോളങ്കി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Discussion about this post