റൂര്‍ക്കി(ഉത്തരാഖണ്ഡ്): ആയിരക്കണക്കിന് വര്‍ഷത്തെ ജീവിതയാത്രയിലൂടെ രൂപപ്പെട്ട ഭാരതീയ മൂല്യങ്ങള്‍ ലോകത്തെയാകെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് (ഭയ്യാജി) ജോഷി. ലോകജീവിതത്തെ പവിത്രമാക്കിത്തീര്‍ക്കുക എന്നത് ഭാരതത്തിന്റെ ജന്മദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി റൂര്‍ക്കിയില്‍ സംഘടിച്ച പ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭയ്യാജി.
ഈ ദര്‍ശനത്തോടെയാണ് ആര്‍എസ്എസ് മുന്നോട്ടുപോകുന്നത്. സ്വാമി വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും വിഭാവനം ചെയ്ത ഭാരതത്തെക്കുറിച്ച് നൂറ് വര്‍ഷം പിന്നിട്ട സാമാജിക യാത്രയിലൂടെ സംഘം ലോകത്തെ ബോധവാന്മാരാക്കി. യുവാക്കള്‍ ഭാരതത്തെ അറിയണം. ഭാരതീയതയില്‍ വിശ്വസിക്കണം. നവഭാരതത്തെ കെട്ടിപ്പടുക്കണം. മുഗളര്‍ക്കെതിരായ യുദ്ധത്തില്‍ ഭില്‍ സമൂഹം മഹാറാണ പ്രതാപിനെ പിന്തുണച്ചു. ഭാരതീയ സമൂഹം പരസ്പരാശ്രിതമാണ്. അവിടെ വ്യക്തിപരമായ അഹങ്കാരത്തിന് സ്ഥാനമില്ല. യുക്തിയെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ചിന്തയുടെയും സംസ്‌കാരത്തിന്റെയും സവിശേഷതകള്‍ പുതിയ തലമുറയെ പഠിപ്പിക്കണം.ദുര്‍ബലരെ സംരക്ഷിക്കുന്നതാണ് ധീരത എന്നതാണ് നമ്മുടെ ദര്‍ശനം. അനീതി ചെയ്യരുത്, അത് ചെയ്യാന്‍ അനുവദിക്കുകയുമരുത്, ഭയ്യാജി ജോഷി പറഞ്ഞു.
സമൂഹം ഭരണകൂടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിന്റെ പ്രവര്‍ത്തനത്തിന് വിദ്യാഭ്യാസം നിര്‍ണായകമാണ്, ആളുകളെ യന്ത്രങ്ങളാക്കി മാറ്റുന്നതല്ല വിദ്യാഭ്യാസം. രാജ്യം വ്യവസായവല്‍ക്കരിക്കണം, കലാകാരന്മാര്‍ സമൂഹത്തിന് ഭാവാത്മക സന്ദേശങ്ങള്‍ നല്‍കണം, ധാര്‍മ്മികമേഖലയും സമൂഹത്തിന് പ്രത്യാശയുടെ അറിവ് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post