ലോണാവാല (മഹാരാഷ്ട്ര): പ്രകൃതിയോടിണങ്ങി സുസ്ഥിര ജീവിതം നയിക്കുന്നതിനുള്ള മാർഗം ഭാരതത്തിൻ്റെ പക്കലുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭൗതിക പുരോഗതിയുടെ പേരിൽ പ്രകൃതിക്ക് വലിയ നാശമാണ് മനുഷ്യൻ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ലോണാവാലയിൽ സ്വാമി കുവല്യാനന്ദ സ്ഥാപിച്ച കൈവല്യധാമ യോഗ ഗവേഷണ കേന്ദ്രത്തിന്റെ 101-ാം വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്. മനുഷ്യരാശിയെയും പ്രകൃതിയെയും ഒരുപോലെ സംരക്ഷിച്ചു കൊണ്ടുള്ള സുസ്ഥിര വികസനത്തിന് ഒരു പാത ആവശ്യമാണ്. സൃഷ്ടിയെ പരിപോഷിപ്പിക്കുക എന്ന ഈ ആശയം യോഗയിൽ വേരൂന്നിയതാണ്. ലോക ക്ഷേമത്തിന് ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗ വെറും വ്യായാമ രൂപമല്ല, എല്ലാവരെയും ബന്ധിപ്പിക്കുന്നതിനുള്ള മാർഗമാണ്. യോഗ ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. വ്യക്തിവികാസത്തിലൂടെ ഭൂമിയിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു പുതിയ യുഗത്തിന് തുടക്കമിടാനാണ് കൈവല്യധാമം പ്രവർത്തിക്കുന്നതെന്ന് സർസംഘചാലക് പറഞ്ഞു.
യോഗ വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും ലോകത്തിനും ക്ഷേമം നല്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യം മാറ്റത്തിന് വിധേയമാണ്, എന്നാൽ ഐക്യം ശാശ്വതമാണ്. ഭാരതം പുരോഗമിക്കുന്നത് ലോകത്തിന്റെ ക്ഷേമത്തിനായാണ്. ഇവിടുത്തെ പുരാതനമായ അറിവ് ലോകക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. ശാസ്ത്രവും ആത്മീയതയും പരസ്പരവിരുദ്ധമല്ല.ശാസ്ത്രം പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്നതുപോലെ, ആത്മീയതയും അനുഭവത്തിലൂടെ തെളിയിക്കപ്പെടുന്നു, മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.
കൈവല്യ ധാമാചാര്യർ മഹാ മണ്ഡലേശ്വർ സ്വാമി വിശ്വേശ്വരാനന്ദ, മുൻ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു തുടങ്ങിയവർ സംസാരിച്ചു.


Discussion about this post