ന്യൂദല്‍ഹി: ആഗോള വ്യോമസേനക്കരുത്തില്‍ ഭാരതത്തിന്റെ സ്ഥാനം കുതിച്ചുയരുന്നു. വ്യോമസേനാ ശേഷി റാങ്കിങ്ങിൽ ചൈനയെ മറികടന്ന് ഭാരതം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഏഷ്യയുടെ യുദ്ധക്കരുത്തിലെ സമവാക്യം ഇതോടെ മാറിമറിയുകയാണ്. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ (WDMMA) പുതിയ റാങ്കിങ്ങിൽ അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും പിന്നാലെ മൂന്നാമതാണ് ഭാരതത്തിന്റെ സ്ഥാനം.
ലോകത്തെ 103 രാജ്യങ്ങളെയും കരസേന, നാവികസേന, മറൈൻ വ്യോമ വിഭാഗങ്ങള്‍ ഉൾപ്പെടെ 129 വ്യോമ സേവനങ്ങളെയാണ് റാങ്കിങ്ങിന് പരിഗണിച്ചത്. ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആധുനികവൽക്കരണം, ചരക്ക് ഗതാഗത ശേഷി, ആക്രമണം, പ്രതിരോധശേഷി എന്നിവ അടിസ്ഥാനമാക്കി ട്രൂവാൽ റേറ്റിങ് ഫോർമുലയിലൂടെയാണ് വ്യോമശേഷി നിർണയിക്കുന്നത്. യുഎസ് വ്യോമസേനയുടെ ട്രൂവാൽ റേറ്റിംഗ് (ടിവിആർ) 242.9 ആണെന്നും റഷ്യയുടെ ടിവിആർ 114.2 ഉം ആണെന്നും പട്ടികയിൽ പറയുന്നു. റഷ്യ, ഭാരതം, ചൈന, ജപ്പാന്‍, തെക്കന്‍ കൊറിയ എന്നിവയുടെ സംയുക്ത വ്യോമശേഷിയേക്കാള്‍ ഉയര്‍ന്നതാണ് അമേരിക്കയുടെ ശക്തി.
ഭാരതത്തിന്റെ റേറ്റിംഗ് 69.4 ആണ്. ചൈനയേക്കാള്‍ 5.6 പോയിന്‍റ് മുകളിലാണ് ഭാരതം. ചൈനയുടേത് 63.8 ആണ്. അതേസമയം ജപ്പാൻ, ഇസ്രായേൽ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം (യുകെ) എന്നിവയുടെ ടിവിആർ യഥാക്രമം 58.1, 56.3, 55.3, 55.3 എന്നിങ്ങനെയാണ്.
റിപ്പോർട്ട് പ്രകാരം ഭാരത വ്യോമസേനയുടെ 31.6 ശതമാനം യുദ്ധവിമാനങ്ങളും 29 ശതമാനം ഹെലികോപ്റ്ററുകളും 21.8 ശതമാനം പരിശീലന വിമാനങ്ങളുമാണ്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സിന് (PLAAF) 52.9 ശതമാനം യുദ്ധവിമാനങ്ങളും 28.4 ശതമാനം പരിശീലന വിമാനങ്ങളുമുണ്ടെങ്കിലും ഭാരത എയർഫോഴ്സ് ഒരു ‘സന്തുലിത യൂണിറ്റ്’ ആണെന്ന് WDMMA റിപ്പോർട്ട് അഭിപ്രായപ്പെട്ടു.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാരതം കൂടുതല്‍ കൃത്യതയോടെ, കരുത്തോടെ, വേഗത്തില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയിരുന്നു. പാകിസ്ഥാന്റെ അവാക്സ് ഉള്‍പ്പെടെയുളള വ്യോമശേഷികളെ തകര്‍ക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ വ്യോമസേനയുടെ ആധുനിക വ്യോമാക്രമണശേഷിയുടെ ഉദാഹരണമാണ്. പാകിസ്ഥാന്റെ ആധുനികമായ വ്യോമാക്രമണ സംവിധാനങ്ങളായ ഇലക്ട്രോണിക് ഇന്‍റലിജന്‍സ് (എലിന്‍റ് -ELINT) എയര്‍ബോണ്‍ ഏര്‍ളി വാണിംഗ് ആന്‍റ് കണ്‍ട്രോള്‍ സിസ്റ്റം (AWACS) എന്നിവയെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് തകര്‍ക്കാന്‍ കഴിഞ്ഞത് നിസ്സാരനേട്ടമല്ലെന്ന് ഭാരത വ്യോമസേന ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്ങ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
Discussion about this post