ന്യൂദൽഹി: ഭാരത സുരക്ഷാ സേനയുടെ വീര്യത്തിന്റെയും ധീരതയുടെയും ഫലമായി രാജ്യം ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു – അതാണ് മാവോയിസ്റ്റ് ഭീകരതയുടെ ഉന്മൂലനം. നക്സൽ-മാവോയിസ്റ്റ് തീവ്രവാദത്തിൽ നിന്ന് രാജ്യം പൂർണ്ണമായി മോചനം നേടുന്നതിന്റെ വക്കിലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
2014-ന് മുമ്പ്, ഏകദേശം 125 ജില്ലകളെ മാവോയിസ്റ്റ് അക്രമം ബാധിച്ചിരുന്നു; ഇന്ന്, അത് 11 ജില്ലകളായി കുറഞ്ഞു, 3 ജില്ലകളിൽ മാത്രമാണ് അവർക്ക് കാര്യമായ സ്വാധീനമുള്ളത്. 100-ൽ അധികം ജില്ലകൾ ഇപ്പോൾ മാവോയിസ്റ്റ് ഭീകരതയുടെ നിഴലിൽ നിന്ന് പൂർണ്ണമായി പുറത്തുവന്നിരിക്കുകയാണെന്നും ആദ്യമായി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയും ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.
തലമുറകളായി ഭയത്തിൽ കഴിഞ്ഞുവന്നിരുന്ന ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ വികസനത്തിന്റെ മുഖ്യധാരയിലേക്ക് വന്നു ചേരുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, മൊബൈൽ ടവറുകൾ എന്നിവയുടെ നിർമ്മാണത്തിന് മാവോയിസ്റ്റുകൾ തടസ്സമുണ്ടാക്കിയ പ്രദേശങ്ങളിൽ ഇപ്പോൾ ഹൈവേകൾ നിർമ്മിക്കപ്പെടുകയും പുതിയ വ്യവസായങ്ങൾ ഉയർന്നുവരുകയും ചെയ്യുന്നു. ഈ വിജയം ഭാരത സുരക്ഷാ സേനയുടെ അർപ്പണബോധം, ത്യാഗം, ധീരത എന്നിവയിലൂടെയാണ് സാധ്യമായതാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അത്തരം നിരവധി ജില്ലകളിൽ ജനങ്ങൾ ആദ്യമായി ദീപാവലി ആഘോഷിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പ്രദേശങ്ങളിൽ ജിഎസ്ടി ബചത് ഉത്സവത്തിലൂടെ റെക്കോർഡ് വിൽപ്പനയും വാങ്ങലുകളും ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാവോയിസ്റ്റ് ഭീകരത ഭരണഘടനയുടെ പേര് പോലും പറയാൻ അനുവദിക്കാതിരുന്ന ജില്ലകളിൽ ഇപ്പോൾ സ്വദേശി മന്ത്രം മുഴങ്ങുന്നു.
“ഭാരതം അതിവേഗം പുരോഗമിക്കുകയും 140 കോടി പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ഭൂമി മുതൽ ബഹിരാകാശം വരെ, ഒരിക്കൽ ഭാവനകൾക്കപ്പുറമെന്ന് കരുതിയ നേട്ടങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ വേഗത, പുരോഗതി, പരിവർത്തനം, വളരുന്ന വികസനം, ആത്മവിശ്വാസം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. രാഷ്‌ട്ര നിർമ്മാണത്തിന്റെ ഈ മഹത്തായ ദൗത്യത്തിൽ സായുധ സേന സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
സേന വെറും വർത്തമാനകാലത്തെ മാത്രം പിന്തുടരുന്നവരല്ലെന്നും; അതിന്റെ ദിശയെ നയിക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും, കാലത്തെ നയിക്കാനുള്ള ധൈര്യമുണ്ടെന്നും, അനന്തതയെ മറികടക്കാനുള്ള വീര്യമുണ്ടെന്നും, മറികടക്കാൻ കഴിയാത്തതിനെ മറികടക്കാനുള്ള ചൈതന്യം ഉണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.
നമ്മുടെ സൈനികർ ഉറച്ചുനിൽക്കുന്ന പർവത ശിഖരങ്ങൾ ഭാരതത്തിന്റെ വിജയസ്തംഭങ്ങളായി നിലകൊള്ളുമെന്നും, അതിനു താഴെയുള്ള സമുദ്രത്തിന്റെ അലയൊലികൾ ഭാരതവിജയത്തെ പ്രതിധ്വനിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഗർജ്ജനത്തിനിടയിൽ, ഒരു ഏകീകൃത ശബ്ദം ഉയരും – ‘ഭാരത് മാതാ കി ജയ്!’ ഈ ആവേശത്തോടും ആത്മവിശ്വാസത്തോടും കൂടി, ഒരിക്കൽക്കൂടി എല്ലാവർക്കും ഹൃദയംഗമമായ ദീപാവലി ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.
Discussion about this post