ബംഗളൂരു: ആര്‍എസ്എസ് പരിപാടികൾ തടയാന്‍ ലക്ഷ്യമിട്ട് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭ ഇറക്കിയ ഉത്തരവിന് കര്‍ണ്ണാടക ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി. പൊതുയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ അനുമതി വേണമെന്നായിരുന്നു കര്‍ണ്ണാടക മന്ത്രിസഭ ഉത്തരവിറക്കിയത്. ആര്‍എസ്എസ് പരിപാടികള്‍ തടയുകയായിരുന്നു ഗൂഢലക്ഷ്യം. ഈ ഉത്തരവ് ചൊവ്വാഴ്ച കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. താല്‍ക്കാലികമാണ് സ്റ്റേ എങ്കിലും ഇനി കോടതി ഈ കേസില്‍ വാദം കേള്‍ക്കുക നവമ്പര്‍ 17ന് മാത്രമാണ്. ഇതോടെ ഒക്ടോബര്‍ 19ന് കര്‍ണ്ണാടകയിലെ ചിറ്റാപൂരില്‍ ആര്‍എസ് എസ് റൂട്ട് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത് നടന്നില്ലെങ്കിലും നവമ്പര്‍ 17ന് മുമ്പായി മറ്റൊരു ദിവസം ആ മാര്‍ച്ച് നടത്തുന്നതിന് ഇപ്പോഴത്തെ ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ തടസ്സമുണ്ടാകില്ല. അതിനാല്‍ ഇനി തടസ്സം കൂടാതെ മാര്‍ച്ച് നടത്താനാകും.
കോടതി വിധിയോട് പ്രതികരിക്കാതെ മൗനം പാലിക്കുകയാണ് പ്രിയങ്ക് ഖാര്‍ഗെ. കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസിനെ നിരോധിക്കുമെന്നതുള്‍പ്പെടെ ഒട്ടേറെ എതിര്‍പ്രസ്താവനകള്‍ നടത്തിയ നേതാവാണ് കര്‍ണ്ണാടകത്തിലെ മന്ത്രി കൂടിയായ പ്രിയങ്ക് ഖാര്‍ഗെ.
” പ്രിയങ്ക് ഖാർഗെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആർഎസ്എസിനെ നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. ഈ ഹൈക്കോടതി വിധിയിലൂടെ സംസ്ഥാന സർക്കാരിന് വായടയ്‌ക്കേണ്ടിവരും. കാരണം ഇന്ന് നീതിയുടെ വിജയമാണ്. സിദ്ധരാമയ്യ സർക്കാരിന് ഇതൊരു വലിയ തിരിച്ചടിയാണ്..”- കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് നാഗപ്രസന്നയാണ് സിദ്ധരാമയ്യ സര്‍ക്കാരിന് മുഖത്തടി കൊടുക്കുന്ന ഈ വിധി പ്രസ്താവിച്ചത്. കേസ് നവംബർ 17ന് വീണ്ടും പരിഗണിക്കും. കേസില്‍ അപ്പീൽ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ഒരു പാര്‍ക്കില്‍ ഒരു പാര്‍ട്ടി പോലും നടത്താനാവില്ലേ?’ കോടതിയോട് ചോദിച്ച് അഭിഭാഷകന്‍
ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അശോക് ഹരണഹള്ളി, സർക്കാരിന്റെ ഉത്തരവ് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള നിയന്ത്രണമാണെന്ന് വാദിച്ചു. “പത്തിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നതിന് അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഒരു പാർക്കിൽ ഒരു പാർട്ടി നടത്തിയാൽ പോലും അത് സർക്കാർ ഉത്തരവ് പ്രകാരം നിയമവിരുദ്ധമായ ഒത്തുചേരലാകും,” ഹരണഹള്ളി വാദിച്ചു.
സർക്കാരിന്റെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് പുനശ്ചൈതന്യ സേവാ സംസ്ഥെ എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിയമപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സ്വകാര്യ സംഘടനകളുടെ അവകാശങ്ങളെ ഈ നീക്കം ലംഘിക്കുന്നുവെന്ന് ഹർജിയിൽ വാദിച്ചിരുന്നു. ഈ മാസം ആദ്യം പുറത്തിറക്കിയ സ്റ്റേ ചെയ്ത സർക്കാർ ഉത്തരവിൽ പൊതു-സർക്കാർ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
സർക്കാർ സ്കൂളുകളിലും കോളേജ് ഗ്രൗണ്ടുകളിലും മറ്റ് സ്ഥാപനപരമായ സ്ഥലങ്ങളിലും വകുപ്പ് മേധാവികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സ്വകാര്യ അല്ലെങ്കിൽ സാമൂഹിക സംഘടനകൾ പരിപാടികൾ, യോഗങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടത്താൻ പാടില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും കർണാടക ലാൻഡ് റവന്യൂ, വിദ്യാഭ്യാസ നിയമങ്ങൾ പ്രകാരം ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, സർക്കാരിന്റെ ഈ നീക്കം ഏതെങ്കിലും പ്രത്യേക സംഘടനയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് കർണാടക പാർലമെന്‍ററി കാര്യ മന്ത്രി എച്ച് കെ പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സംഘടനയെക്കുറിച്ചോ ആ സംഘടനയെക്കുറിച്ചോ പ്രത്യേകമായി ഒന്നുമില്ല. സർക്കാർ സ്വത്തുക്കൾ ശരിയായ ആവശ്യങ്ങൾക്ക്, ശരിയായ അനുമതിയോടെ മാത്രമേ ഉപയോഗിക്കാവൂ. ഏത് ലംഘനവും നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആര്‍എസ് എസ് റൂട്ട് മാര്‍ച്ച് തടയാന്‍ ഗൂഢാലോചന
അതേ സമയം ഒക്ടോബര്‍ 19ന് ചിറ്റാപൂരില്‍ ആര്‍എസ് എസ് 100ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്താനിരുന്ന മാര്‍ച്ച് തടയാന്‍ ഗൂഢാലോചന നടന്നിിരുന്നു. ആര്‍എസ്എസ് ആണ് ചിറ്റാപൂരില്‍ ഒക്ടോബര്‍ 19ന് ഒരു പ്രത്യേക റൂട്ടില്‍ മാര്‍ച്ച് നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചത്.എന്നാല്‍ ഇതിന് തടസ്സമുണ്ടാക്കാന്‍ പിന്നാലെ ദളിത് പാന്തേഴ്സും മറ്റ് ഏതാനും ദളിത് സംഘടനകളും ഇതേ റൂട്ടില്‍ ഒക്ടോബര്‍ 19ന് അവരുടെ മാര്‍ച്ചുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ആര് മാര്‍ച്ച് നടത്തും എന്ന പ്രശ്നം പൊന്തിവന്നു. ഏതെങ്കിലും ഒരു സംഘടന മാര്‍ച്ച് നടത്തിയാല്‍ മറ്റു സംഘടനകള്‍ അതിനെ എതിര്‍ത്താല്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടാകുമെന്ന ഭീതി ജനിപ്പിച്ച് മാര്‍ച്ച് സര്‍ക്കാര്‍ തടയുകയായിരുന്നു. മറ്റ് ഹിന്ദു ദളിത് സംഘടനകളെ മുന്നില്‍ നിര്‍ത്തിച്ചാണ് ആര്‍എസ് എസ് മാര്‍ച്ച് തടയാന്‍ ശ്രമം നടക്കുന്നത്. മാത്രമല്ല, പിയങ്ക് ഖാര്‍ഗെയുടെ മണ്ഡലം കൂടിയാണ് ചിറ്റാപൂര്‍.
ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന് വന്നതോടെ ഹൈക്കോടതി നിര്‍ദേശപ്രകാരം ആര്‍എസ് എസ് മാര്‍ച്ചിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ തരനുമിന്റെ അധ്യക്ഷതയില്‍ പത്ത് സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ചൊവ്വാഴ്ച നടന്ന യോഗം അലസിപ്പിരിഞ്ഞതിനാല്‍ തീരുമാനമുണ്ടായില്ല. ആര്‍എസ്എസ്, ഭീം ആര്‍മി, ഭാരതീയ ദളിത് പാന്തേഴ്സ്, ഗൊണ്ട കുറുബ എസ് ടി ഹോറാത്ത സമിതി, കര്‍ണ്ണാടക രാജ്യ ചാലവാഡി ക്ഷേമാഭിവൃദ്ധി സംഘ, കര്‍ണ്ണാടക രാജ്യ റെയ്ത സംഘ്, ഹസിരു സേന, സിപിഎം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
വാക്ക് തര്‍ക്കം മൂലം ഈ യോഗത്തില്‍ ആര്‍എസ് എസ് മാര്‍ച്ച് സംബന്ധിച്ച് തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. ഇതില്‍ സിപിഎം നേതാവ് കെ. നീല മുന്നോട്ട് വെച്ച നിര്‍ദേശം യോഗത്തില്‍ വലിയ വാക്ക് തര്‍ക്കം സൃഷ്ടിച്ചു. കയ്യിലെ ദണ്ഡ് ഒഴിവാക്കി മാര്‍ച്ച് നടത്തിയാല്‍ അനുവദിക്കാം എന്നായിരുന്നു നീലയുടെ വാക്കുകള്‍. ബിജെപിയുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ് മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് അംബരായ അഷ്ടഗി ഇതിന് ചുട്ട മറുപടി നല്‍കി. “ആര്‍എസ്എസ് എങ്ങിനെ റൂട്ട് മാര്‍ച്ച് നടത്തണമെന്ന് മറ്റുള്ളവര്‍ നിശ്ചയിക്കേണ്ട. ആര്‍എസ്എസിന് സ്വന്തം പാരമ്പര്യവും ചിട്ടയും ഉണ്ട്. ഞങ്ങളുടെ മാര്‍ച്ചില്‍ എന്ത് വഹിക്കണം, എന്ത് വഹിക്കരുത് എന്ന് ഞങ്ങളോട് കല്‍പിക്കാന്‍ മറ്റുള്ളവരെ അനുവദിക്കില്ല. “- ഇതായിരുന്നു അംബരായ അഷ്ടഗി നല്‍കിയ മറുപടി. ഇതോടെ ചര്‍ച്ചയില്‍ വാഗ്വാദം വര്‍ധിച്ചു. ചര്‍ച്ച അലസി.
സനാതനധര്‍മ്മത്തെ നശിപ്പിക്കാന്‍ കര്‍ണ്ണാടകയില്‍ വന്‍ ഗൂഢാലോന
കര്‍ണ്ണാടകയില്‍ ആര്‍എസ്എസിനും സനാതനധര്‍മ്മത്തിനും എതിരെ നടക്കുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവവും. നേരത്തെ ധര്‍മ്മസ്ഥല എന്ന ക്ഷേത്രത്തെയും അതിന്റെ ഭരണാധികാരികളെയും കെട്ടുകഥകള്‍ പ്രചരിപ്പിച്ച് നശിപ്പിക്കാന്‍ ശ്രമമുണ്ടായി. അതിന് ശേഷം മൈസൂര്‍ ദസറ ഉത്സവം ന്യൂനപക്ഷ സമുദായാംഗത്തെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച സംഭവവും ഉണ്ടായി. നിരന്തരം ഹിന്ദു സംസ്കാരത്തിന് എതിരായ വലിയ ആസൂത്രിത ശ്രമങ്ങളാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ നടക്കുന്നത്.















Discussion about this post