ഗുവാഹത്തി: ഭാരതം മുന്നേറണമെങ്കിൽ ഭാരതമാദ്യം എന്ന മനോഭാവം ജീവിതത്തിൽ പുലർത്തണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഭാരതത്തെ വീണ്ടും വിശ്വഗുരു എന്ന നിലയിൽ ലോകത്തിന് മാതൃകയാക്കിത്തീർക്കുന്നതിനാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. സമൂഹം ഉയരുമ്പോൾ രാഷ്ട്രവും ഉയരും. രാഷ്ട്രത്തിൻ്റെ പുരോഗതിക്ക് സംഘടിതവും സദ്‌ഗുണപൂർണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണെന്ന് സർസംഘചാലക് പറഞ്ഞു. ബർബാഡി സുദർശനാലയത്തിൽ ചേർന്ന യുവ നേതൃസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങൾ അവരുടെ ആദ്യ നൂറ് വർഷം സമൂഹത്തെ ഏകീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് ശ്രദ്ധ നൽകിയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതവും സമാനമായ രീതിയിൽ പരിണമിക്കേണ്ടതുണ്ട്.
ഭാരതം ഒരു വിദേശ രാജ്യത്തോടും പക്ഷപാതപരമോ ശത്രുതയോ കാണിക്കാറില്ല. യുഎസും ചൈനയും അവരുടെ ദേശീയ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്, ആഗോള സാഹോദര്യത്തെക്കുറിച്ച് അവർ എത്ര സംസാരിച്ചാലും അവരുടെ പരസ്പര മത്സരം ഈ താൽപ്പര്യങ്ങളുടെ ഫലമാണ്. നമ്മുടെ നയം തികച്ചും വ്യക്തമായിരിക്കണം ഭാരതത്തിൻ്റെ വിദേശനയം യുഎസിനോ ചൈനയ്‌ക്കോ അനുകൂലമോ പ്രതികൂലമോ ആകേണ്ടതില്ല. അത് പൂർണ്ണമായും ഭാരതത്തിന് അനുകൂലമായിരിക്കണം. നമ്മുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ, ആഗോള ക്ഷേമം സ്വാഭാവികമായി ഉറപ്പാക്കപ്പെടും. ശക്തവും സ്വാശ്രയവുമായ ഭാരതത്തിന് ഏത് വെല്ലുവിളിയെയും നേരിടാൻ കഴിയും, ഭാവിയിൽ, ലോകത്ത് ഉയർന്നുവരുന്ന വിവിധ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന, കൂടുതൽ യോജിപ്പുള്ള ആഗോള ക്രമം സ്ഥാപിക്കാൻ കഴിയും, സർസംഘചാലക് പറഞ്ഞു.

മുൻവിധിയോടെയുള്ള ധാരണകളുടെയോ സ്പോൺസർ ചെയ്ത പ്രചാരണങ്ങളുടെയോ അടിസ്ഥാനത്തിൽ സംഘത്തെക്കുറിച്ച് അഭിപ്രായങ്ങൾ രൂപപ്പെടുത്തരുതെന്ന് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. യുവതലമുറ സംഘത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യണം.സംഘം ഇന്ന് വ്യാപകമായ ചർച്ചാ വിഷയമാണ്. എന്നാൽ ചർച്ചകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ആർഎസ്‌എസിനെക്കുറിച്ച് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലും വിവിധ ഡിജിറ്റൽ മാധ്യമങ്ങളിലും ലഭ്യമായ വിവരങ്ങളിൽ അമ്പത് ശതമാനവും കൃത്യമല്ലാത്തതോ അപൂർണ്ണമോ ആണ്. വിവിധ മാധ്യമങ്ങൾ സംഘത്തിനെതിരെ ആസൂത്രിതമായ പ്രചാരണവും നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘശതാബ്ദിയിൽ പ്രഖ്യാപിച്ച സാമൂഹിക മാറ്റത്തിന്റെ അഞ്ച് തത്വങ്ങൾ (പഞ്ച പരിവർത്തനം) സംഘടിതവും മാതൃകാപരവുമായ സമാജസൃഷ്ടിയിലേക്കാണ് വഴിതെളിക്കുന്നത്. ഭാഷ, പ്രദേശം, ചിന്ത എന്നിവയുടെ വൈവിധ്യത്തെ ബഹുമാനിക്കുന്നത് നമ്മുടെ പാരമ്പര്യമാണ്. എന്റെ പാത ശരിയാണ്, പക്ഷേ നിങ്ങളുടെ സാഹചര്യങ്ങളിൽ, നിങ്ങളുടെ പാതയും ശരിയായിരിക്കാം എന്നതാണ് ഭാരതം മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാട്. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഈ ഒരുമയുടെ ഭാവം നമ്മുടെ പാരമ്പര്യമാണ്. ഭാരതത്തിൽ നിന്ന് വേർപിരിഞ്ഞവരിൽ ഈ വൈവിധ്യങ്ങൾ നഷ്ടമായിരിക്കുന്നു. പാകിസ്ഥാനിലെ പഞ്ചാബി, സിന്ധി സമൂഹങ്ങൾ ഇപ്പോൾ ഉറുദു സ്വീകരിക്കാൻ നിർബന്ധിതരായിരിക്കുന്നു. വൈവിധ്യത്തെ ബഹുമാനിക്കുന്ന ഒരേയൊരു സമൂഹം ഹിന്ദു സമൂഹമാണെന്നും, അത്തരമൊരു സമൂഹം സൃഷ്ടിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്‌എസ് മാതൃകാപരമായ രീതിയിൽ മനുഷ്യനെ വാർത്തെടുക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയത്തിനതീതമായ സാമൂഹിക നേതൃത്വം വളർന്നു വരണം. വ്യക്തിത്വവികാസം സമൂഹത്തിൽ മാറ്റം സൃഷ്ടിക്കും. സമൂഹം മാറുമ്പോൾ, സാമൂഹിക വ്യവസ്ഥ തന്നെ മാറുന്നു. വ്യക്തി നിർമ്മാണം, സ്വഭാവ രൂപീകരണം, സദ്‌ഗുണങ്ങൾ വളർത്തിയെടുക്കൽ എന്നിവ സംഘം എങ്ങനെ സാധ്യമാക്കുന്നുവെന്ന് നേരിട്ട് അറിയാൻ ശാഖകളിലേക്ക് വരണമെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു.നിയമനിർമ്മാണം വഴിയല്ല, സ്വഭാവരൂപീകരണത്തിലൂടെയാണ് അഴിമതി ഇല്ലാതാക്കാൻ കഴിയുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

















Discussion about this post