അയോദ്ധ്യ: ഒരു പതിറ്റാണ്ടിനുള്ളില്‍ എല്ലാവിധ മാനസിക അടിമത്തത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യയില്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന് മുകളില്‍ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയുടെ ധര്‍മ്മപതാകയാണിതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാടിന്റെ തനിമ മറന്നാല്‍ വ്യക്തിത്വം തന്നെ നഷ്ടമാകും. 190 വര്‍ഷം മുമ്പ്, 1835ല്‍ മെക്കാളെ എന്ന ഇംഗ്ലീഷുകാരന്‍ ഭാരതത്തില്‍ മാനസിക അടിമത്തത്തിന് അടിത്തറയിട്ടു. പത്താണ്ട് കൂടി പിന്നിട്ടാല്‍ ഇരുന്നൂറ് വര്‍ഷമാകും. അതിനുള്ളില്‍ ഈ രാജ്യത്തെയാകെ എല്ലാവിധ മാനസിക അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് നമ്മള്‍ തീരുമാനിച്ചിട്ടുണ്ട്.
അടിമത്തത്തിന്റെ മാനസികാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അടുത്ത പത്ത് കൊല്ലത്തിനുള്ളില്‍ ഈ അടിമത്തം പൂര്‍ണമായി മാറണം. അടുത്ത ആയിരം കൊല്ലത്തേക്കുള്ള ഭാരതത്തിന്റെ അടിത്തറ ശക്തമാക്കാന്‍ അത് അനിവാര്യമാണ്. അതുകൊണ്ടാണ് അയോദ്ധ്യ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ നട്ടെല്ലായി ഉയര്‍ന്നുവരുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
2047 ല്‍ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, വികസിത ഭാരതം സാക്ഷാത്കരിക്കണം, അതിന് വര്‍ത്തമാനകാലത്തെയും ഭാവി തലമുറകളെയും കുറിച്ച് ചിന്തിക്കണം. ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കണം. കാരണം നമ്മള്‍ ഇല്ലാതിരുന്നപ്പോഴും ഈ രാഷ്ട്രം നിലനിന്നിരുന്നു, നമ്മള്‍ ഇല്ലാതാകുമ്പോഴും അത് നിലനില്‍ക്കും. സമൂഹത്തെ ശാക്തീകരിക്കണമെങ്കില്‍, അവനവനിലെ രാമനെ ഉണര്‍ത്തണം. ഈ ദൃഢനിശ്ചയം എടുക്കാന്‍ ഇന്നത്തേക്കാള്‍ നല്ല ദിവസം വേറെയൊന്നുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.













Discussion about this post