ഇന്‍ഡോര്‍(മധ്യപ്രദേശ്): ഹിന്ദുത്വമാണ് ഭാരതത്തിന്റെ തനിമയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഈശ്വരനിലേക്ക് ഒരേയൊരു മാര്‍ഗമേ ഉള്ളൂ എന്നതല്ല, ഏതുവഴിയും ഈശ്വരനെ നേടാം എന്നതാണ് ഹിന്ദു ഉദ്‌ഘോഷിക്കുന്നത്. ഹിന്ദുസംസ്‌കാരത്തിന് വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളുണ്ട്, പക്ഷേ കാതല്‍ ഒന്നാണ്, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ഇന്‍ഡോറിലെ രവീന്ദ്രനാട്യ ഗൃഹത്തില്‍ പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംഘയാത്രയുടെ നൂറ് വര്‍ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

പ്രപഞ്ചത്തോട് ഏകാത്മകതയും കൃതജ്ഞതാഭാവവും പുലര്‍ത്തുന്ന മാനവധര്‍മ്മത്തിന്റെ രാഷ്ട്രമാണ് ഭാരതം. സത്യസാക്ഷാത്കാരത്തിലൂടെ മോക്ഷപ്രാപ്തി ലക്ഷ്യമിട്ട് ജീവിക്കുന്നവരാണ് ഇന്നാട്ടുകാര്‍. ഈ മാനവധര്‍മ്മത്തെ ജീവിതത്തിലൂടെ ലോകത്തിന് പകരുന്നവരാണ് ഹിന്ദുക്കള്‍. ഹിന്ദുധര്‍മ്മം ഒരു ഭൗമ, സാംസ്‌കാരിക ദര്‍ശനമാണ്. ആരാധനാ രീതിയോടൊപ്പം കരുണ, കര്‍ത്തവ്യബോധം, സ്വഭാവശുദ്ധി, ജീവിതശൈലി എന്നിവയുമായി ഈ ധര്‍മ്മം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഭാരതം നല്കിയ ഏറ്റവും മഹത്തരമായ സംഭാവനയാണ് ധര്‍മ്മം. ഹിന്ദുധര്‍മ്മം ആചരിക്കുന്ന എല്ലാ മത സമ്പ്രദായങ്ങളും ഹിന്ദുത്വത്തിന്റെ ഭാഗമാണ്, സര്‍കാര്യവാഹ് പറഞ്ഞു.
വ്യക്തിപരവും ദേശീയവുമായ സ്വഭാവഗുണത്തോടെ ഒരു സംഘടിതസമാജ നിര്‍മിതിയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. പരിശീലനം സിദ്ധിച്ച സ്വയംസേവകര്‍ സമാജത്തെ ഭാരതകേന്ദ്രിതമായി ഉയര്‍ത്തുന്നതിനായി വിവിധ സംഘടനകള്‍ക്ക് തുടക്കമിട്ടു. ദുരന്തങ്ങളില്‍, ദുരിതങ്ങളില്‍ സേവനസന്നദ്ധരായി അവര്‍ മുന്നിലുണ്ട്. അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തെ പുനഃസ്ഥാപിക്കാനും സ്വദേശി ചേതന ഉണര്‍ത്താനും ശ്രീരാമജന്മഭൂമിപ്രസ്ഥാനത്തെ നയിക്കാനും സ്വയംസേവകര്‍ മുന്നില്‍ നിന്നു.

സംഘ പ്രവര്‍ത്തനം ഒരു ദേശീയമുന്നേറ്റമാണ്. അത് സമൂഹത്തിന്റെ സംഘടനയാണ്. സമൂഹത്തെ സംഘടിപ്പിക്കുക എന്നത് സംഘത്തിന്റെ കടമയാണ്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

മാള്‍വ പ്രാന്ത സംഘചാലക് പ്രകാശ് ശാസ്ത്രി, ഇന്‍ഡോര്‍ വിഭാഗ് സംഘചാലക് മുകേഷ് മോദ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.














Discussion about this post