സിലിഗുരി(ബംഗാള്‍): ആരെയെങ്കിലും എതിര്‍ക്കുക ആര്‍എസ്എസിന്റെ ലക്ഷ്യമല്ലെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന് സ്വാര്‍ത്ഥമോഹങ്ങളില്ല. പദവികളിലോ അധികാരത്തിലോ താല്പര്യവുമില്ല. അത്തരത്തിലെന്തെങ്കിലും സ്വന്തമായി നേടണമെന്ന ആഗ്രഹത്തിലല്ല സംഘം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉത്തര്‍ ബംഗ മാര്‍വാഡി ഭവനില്‍ സംഘടിപ്പിച്ച പ്രമുഖ പൗരന്മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന ഒരു രാജ്യം അതിന്റെ സമൂഹത്തെയാകെ ഒറ്റക്കെട്ടാക്കി ദേശീയമായി ജാഗരൂകമാക്കുക എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. സമൃദ്ധരാജ്യങ്ങളിലെല്ലാം ഇത് സംഭവിച്ചിട്ടുണ്ട്. ഭാരതീയ സമൂഹവും ദേശീയമായി ഉണരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹം ഉണരേണ്ടത് ‘വസുധൈവ കുടുംബകം’ എന്ന ദര്‍ശനത്തെ പ്രാവര്‍ത്തികമാക്കി ലോകത്തിന് കാട്ടിക്കൊടുക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാര്‍ അതിന്റെ നയങ്ങളിലൂടെ കഴിയുന്നതെല്ലാം ചെയ്യും. എന്നാല്‍ വിവിധ രാജ്യങ്ങളിലെ ജനങ്ങളില്‍ നമ്മളോടുള്ള അകലമില്ലാതാകണമെങ്കില്‍ നമ്മുടെ രാഷ്ട്രം മാതൃകാപരമായ ജീവിതം മുന്നോട്ടുവയ്ക്കണം. നിരക്ഷരരായ ഭാരതീയന്‍ പോലും ആതിഥ്യമര്യാദയില്‍ ദേവദുര്‍ലഭരാണ്. അതേ സമയം, നാടിന് ദോഷം വരുത്തുന്ന ദുഷ്ട ഘടകങ്ങളുടെ കടന്നുവരവിനെതിരെ ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
സമൂഹത്തിന്റെ പുരോഗതിക്കായി നാമോരോരുത്തരും എന്ത് ചെയ്യുന്നു, എത്ര സമയം നല്കുന്നു എന്നത് ഓരോരുത്തരും ചിന്തിക്കണം. കുടുംബങ്ങളെ ആശ്രയിച്ചാണ് ഭാരതീയ സമൂഹം നിലനില്‍ക്കുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹവും തകരും. എല്ലാ മേഖലയിലുമുള്ള വ്യക്തികള്‍ മറ്റുള്ളവരുടെ ഉന്നതിയില്‍ സംതൃപ്തരും സന്തോഷമുള്ളവരുമായി മാറണം. ഊര്‍ജ്ജസ്വലരായ, സജ്ജനസമൂഹത്തിന്റെ ഇതിന് ഉപകരിക്കും.
പഞ്ചപരിവര്‍ത്തനത്തിലൂടെ സമാജത്തിന്റെ മനോഭാവത്തില്‍ സമഗ്രമായ മാറ്റം സൃഷ്ടിക്കപ്പെടണം. എല്ലാ മാറ്റങ്ങളും അവനവനില്‍നിന്ന് തുടങ്ങാന്‍ തീരുമാനിക്കണം. വിവാഹങ്ങളില്‍ ആഡംബരം കുറയ്ക്കുക, ഊര്‍ജ്ജ ദുരുപയോഗം തടയുക, കൃഷിയില്‍ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുക, പരിസ്ഥിതി സംരക്ഷണം ജീവിതശൈലിയുടെ ഭാഗമാക്കുക എന്നിവയെല്ലാം നമുക്ക് ചെയ്യാവുന്നത്ര ലളിതമായ പരിവര്‍ത്തനമാര്‍ഗങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് ആസക്തി പോലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ രക്ഷാകര്‍ത്താക്കളുടെ ഇടപെടല്‍ വളരെ ഫലപ്രദമാണ്. വീടുകളില്‍ ഒരുമിച്ചിരിക്കാനും കുട്ടികളെ പരിഗണനയിലെടുത്ത് പരസ്പരം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും തയാറാവണമെന്ന് സര്‍സംഘചാലക് പറഞ്ഞു.

















Discussion about this post