കാശി: സംഘടിത ഹിന്ദു, വൈഭവ ഭാരതം എന്ന ആഹ്വാനമുയര്‍ത്തി കാശിയിലുടനീളം ഹിന്ദുസമ്മേളനങ്ങള്‍. ജാതി, സമ്പ്രദായ ഭേദങ്ങള്‍ മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില് നടന്ന സമ്മേളനത്തില്‍ എത്തിയത്. നൂറ് കണക്കിന് സ്ത്രീകള്‍ അണിനിരന്ന കലശ ശോഭായാത്രകളും പാരമ്പര്യ കലാപ്രകടനങ്ങളും സമ്മേളനങ്ങള്‍ക്ക് അഴക് പകര്‍ന്നു.
ഭിന്നതകള്‍ സൃഷ്ടിക്കുന്ന ഇടത് ആഖ്യാനങ്ങളെ തള്ളിക്കളയണമെന്ന് ഉത്തരകാശിയിലെ വിശ്വനാഥ് നഗറില്‍ സകല്‍ ഹിന്ദുസമാജ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ പറഞ്ഞു. വ്യത്യസ്ത ജാതിസമൂഹങ്ങളുടെ ഭാഗമാണെങ്കിലും നമ്മളെല്ലാം ഹിന്ദുക്കളാണ്. ഭാരതമാതാവിന്റെ മക്കളാണ്. നമ്മളൊരിക്കലും വിദേശ ഭരണത്തെ അംഗീകരിച്ചിട്ടില്ല. മുഗളാധിപത്യകാലത്തുപോലും ഭാരതീയരുടെ മനസില്‍ രാമനായിരുന്നു രാജാവ്. 1947 ലെ രാഷ്ട്രവിഭജനം സ്വാഭാവികമല്ല, കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. വീണ്ടും നമ്മളൊന്നായേ തീരൂ, അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ ഈ ഒരുമയെ തകര്‍ക്കാനാണ് വ്യാജ ആഖ്യാനങ്ങളിലൂടെ ചിലര്‍ പരിശ്രമിക്കുന്നത്. അതിനെ തടയണമെങ്കില്‍ നമ്മള്‍ തനിമയെക്കുറിച്ച് ബോധമുള്ളവരാകണം. ഹിന്ദു സമൂഹം വീണ്ടും ഉണര്‍വിന്റെ പാതയിലാണ്. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം ഉയര്‍ന്നു. കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തു. ലോകത്തിന് അറിവ് പകര്‍ന്നതുകൊണ്ടാണ് ഒരു കാലത്ത് ഭാരതം വിശ്വഗുരുവായിത്തീര്‍ന്നത്. വിക്രമശില, തക്ഷശില, നാളന്ദ, വല്ലഭി സര്‍വകലാശാലകള്‍ അതിന്റെ അടയാളങ്ങളായി. ഈ മഹത്വം വീണ്ടും നാം ആര്‍ജിക്കേണ്ടതുണ്ടെന്ന് സ്വാന്തരഞ്ജന്‍ പറഞ്ഞു.
സ്വാമി നാരദ്, സാമൂഹിക പ്രവര്‍ത്തക ഭാവന അഗര്‍വാള്‍ തുടങ്ങിയവരും സംസാരിച്ചു.
രോഹാനിയയിലെ ശിവധാം നഗറിലെ ഹിന്ദുസമ്മേളനത്തില്‍ പ്രാന്തപ്രചാരക് രമേശ് സംസാരിച്ചു. ലോഹ്തയിലെ രാംലീല മൈതാനത്തും മധ്യ കാശിയിലും സിഗ്രയിലെ കല്യാണി വാടികയിലും വലിയ ഹിന്ദുസമ്മേളനങ്ങള്‍ നടന്നു. ഉത്തരകാശിയിലെ ഗൗതം നഗറില്‍ ചേര്‍ന്ന സമ്മേളനത്തെ ക്ഷേത്ര കാര്യവാഹ് വീരേന്ദ്ര അഭിസംബോധന ചെയ്തു. ഡോ. കമലേഷ് ഝാ, ഡോ. അശോക് സോങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ദക്ഷിണ കാശിയിലെ മനസ് നഗര്‍ ദീന്‍ദയാല്‍ പാര്‍ക്കില്‍ നടന്ന ഹിന്ദു സമ്മേളനത്തില്‍, കാശി വിദ്വത് പരിഷത് ജനറല്‍ സെക്രട്ടറി പ്രൊഫ. രാംനാരായണന്‍ സംസാരിച്ചു. സത്യം പരം ധിമഹി എന്ന തത്വത്തിലുറച്ച് ഹിന്ദുസമൂഹം ഉണരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


















Discussion about this post