റായ്പൂര്‍(ഛത്തിസ്ഗഡ്): എല്ലാവരും സ്വന്തമെന്ന ബന്ധുത്വ ഭാവമാണ് സമരസതയുടെ ആദ്യപടിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജാതിയും സമ്പത്തും ഭാഷയും എന്നിവ നോക്കി ആളുകളെ വിലയിരുത്തരുത്. ഈ രാഷ്ട്രം എല്ലാവരുടേതുമാണ്, അദ്ദേഹം പറഞ്ഞു. റായ്പൂര്‍ ജില്ലയിലെ സോന്‍പൈരി ഗ്രാമത്തിലെ അസംഗ്‌ദേവ് കബീര്‍ ആശ്രമത്തില്‍ നടന്ന ഹിന്ദു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.ഭിന്നതയുടെയും വിവേചനത്തിന്റെയും വികാരങ്ങള്‍ പാടേ ഒഴിവാക്കണം. നമ്മളെല്ലാം ഒന്നാണെന്നും ഈ നാട് എല്ലാവരുടേതുമാണ്, എന്ന ഭാവനയാണ് യഥാര്‍ത്ഥത്തിലുള്ള സാമൂഹിക സമരസത. ഈ രാഷ്ട്രമാകെ സ്വന്തമാണെന്ന ഭാവം ഓരോ പൗരനും ഉണ്ടാകണം. ക്ഷേത്രങ്ങള്‍, ജലാശയങ്ങള്‍, ശ്മശാനങ്ങള്‍ തുടങ്ങിയവ എല്ലാ ഭേദമില്ലാതെ എല്ലാവര്‍ക്കുമായി തുറന്നിടണം. സാമൂഹിക പ്രവര്‍ത്തനമെന്നത് സംഘര്‍ഷമല്ല, ഐക്യത്തിനുള്ള ശ്രമമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
വെല്ലുവിളികളെക്കുറിച്ചല്ല, അവയെ തിരിച്ചറിഞ്ഞ് പരിഹാരത്തെക്കുറിച്ചാണ് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്. നൂറ് വര്‍ഷം മുമ്പ് ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സംഘം സ്ഥാപിച്ചത് അതിന് വേണ്ടിയാണ്. ഹിന്ദുധര്‍മ്മം, ഹിന്ദുസംസ്‌കൃതി, ഹിന്ദുസമാജം എന്നിവയുടെ സംരക്ഷണത്തിലൂടെ ഹിന്ദുരാഷ്ട്രത്തിന്റെ സര്‍വാംഗീണമായ ഉന്നതിയാണ് സംഘം ലക്ഷ്യംവയ്ക്കുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. സംഘശതാബ്ദിയുടെ പശ്ചാത്തലത്തില്‍ സമാജത്തിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെ ഹിന്ദുസമ്മേളനങ്ങള്‍ നടക്കുന്നു. എന്നാലിത് ആഘോഷമല്ല, ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ ഒരുമിച്ചുള്ള മുന്നേറ്റമാണ്.കുടുംബ ബന്ധങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വീടിനുള്ളില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും എല്ലാവരും ഒരുമിച്ച് ചെലവഴിക്കണം. അവരവരുടെ സമ്പ്രദായവും വിശ്വാസവും അനുസരിച്ച് പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടണം. സ്വന്തം വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ഒരുമിച്ച് കഴിക്കണം. പരസ്പരം അര്‍ത്ഥവത്തായ ചര്‍ച്ചകളില്‍ ഏര്‍പ്പെടണം. ഇത്തരത്തിലുള്ള മംഗള സംവാദങ്ങളിലൂടെ കുടുംബമൂല്യങ്ങള്‍ സംരക്ഷിക്കുക വഴി മാതൃകാ സമൂഹം നിര്‍മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെടല്‍ പലതരത്തിലുള്ള പ്രലോഭനങ്ങളിലേക്കും മോശം ചിന്തകളിലേക്കും മനുഷ്യനെ നയിക്കും. കുടുംബാംഗങ്ങളുടെ പതിവ് ഇടപെടലും കുശലം പറച്ചിലും ഇത് തടയാന്‍ സഹായിക്കും. ഓരോരുത്തരം സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി ദിവസവും എത്ര സമയം വിഭവങ്ങളും ചെലവഴിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം. രാഷ്ട്രം അപകടത്തിലായാല്‍ എല്ലാവരും അപകടത്തിലായെന്നാണ് അര്‍ത്ഥം. അതുകൊണ്ട് നിത്യജീവിതത്തില്‍ മൂല്യങ്ങള്‍ പരിപാലിക്കുക തന്നെ വേണം.വീടിനുള്ളില്‍ മാതൃഭാഷയില്‍ സംസാരിക്കുകയും ഭാരതീയ വസ്ത്രധാരണത്തോട് ആദരവ് പുലര്‍ത്തുകയും വേണം. മരുന്നുകള്‍ പോലുള്ള ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ ഒഴികെ, തദ്ദേശീയമായി നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വാങ്ങി സ്വദേശി, സ്വാശ്രയത്വം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഡോ. മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.
ആഗോളതാപനത്തെയും പരിസ്ഥിതി തകര്‍ച്ചയം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ നമ്മുടെ പാരിസ്ഥിതിക അച്ചടക്കം കൊണ്ട് സാധിക്കും. വെള്ളത്തിന്റെ അധിക വിനിയോഗം ഒഴിവാക്കുക, മഴവെള്ളം സംഭരിക്കുക, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപേക്ഷിക്കുക, കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നിവയിലൂടെ ഈ പ്രവര്‍ത്തനം വീടുകളില്‍ നിന്ന് ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഭരണഘടനയെയും നിയമങ്ങളെയും അച്ചടക്കത്തോടെ പിന്തുടരുന്നതാണ് മാതൃകാ സമൂഹത്തിന്റെ അടയാളമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവരെ ബഹുമാനിക്കുക, ദരിദ്രരെ സഹായിക്കുക തുടങ്ങിയ പരമ്പരാഗത സാമൂഹിക മൂല്യങ്ങള്‍ക്കൊപ്പം ഭരണഘടനയുടെ ആമുഖം, അടിസ്ഥാന കടമകള്‍, പൗരന്മാരുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവ പതിവായി വായിക്കുകയും പിന്തുടരുകയും ചെയ്യണം, അദ്ദേഹം പറഞ്ഞു.ഗുരുദേവ് അസംഗ്‌ദേവ് കബീര്‍, ഗായത്രിപരിവാറിലെ ഊര്‍മിള നേതം എന്നിവരും സമ്മേളനത്തില്‍ സംസാരിച്ചു.


















Discussion about this post