അയോദ്ധ്യ: വരുന്ന ആയിരം വര്‍ഷത്തെ ഭാരതത്തിന്റെ അടിത്തറയാണ് ശ്രീരാമക്ഷേത്രപ്രാണപ്രതിഷ്ഠയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇത് രാംലല്ലയുടെ വിഗ്രഹപ്രതിഷ്ഠയല്ല രാഷ്ട്രവൈഭവത്തിന്റെ പ്രാണപ്രതിഷ്ഠയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയോദ്ധ്യയില്‍ ദ്വിതീയ പ്രതിഷ്ഠാദ്വാദശിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു രാജ്‌നാഥ് സിങ്.ഈ ദിവസം എനിക്ക് ധന്യമാണ്. രാംലല്ലയെ ദര്‍ശിച്ചു. അയോദ്ധ്യയില്‍, അമ്മ സരയു തന്റെ പ്രിയപ്പെട്ട മകനെ മാതൃസ്‌നേഹത്തിന്റെ ഓളങ്ങളാല്‍ അഭിഷേകം ചെയ്യുന്നു. രാമനെ അറിയുന്നവരും രാമനില്‍ വിശ്വസിക്കുന്നവരും രാമനില്‍ ജീവിക്കുന്നവരും ഇവിടെ ഒത്തുചേരുന്നു. ഈ വിശ്വാസം ഒരിക്കലും ദുര്‍ബലമാകരുത്, ഒരിക്കലും പതറരുത്.
രാമക്ഷേത്രത്തിന്റെ വിജയഗാഥ പകരുന്നത് ഈ സന്ദേശമാണ്, രാജ്‌നാഥ്‌സിങ് പറഞ്ഞു.ശ്രീരാമന്റെ ശീലങ്ങള്‍ തലമുറകളെ മുന്നോട്ടുനയിക്കും. പ്രാണപ്രതിഷ്ഠയുടെ രംഗം എത്ര മനോഹരമായിരുന്നു. അത് കാണാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യവാന്മാരാണ്. ഇപ്പോള്‍, രാമക്ഷേത്രത്തിന്റെ മുകളില്‍ പറക്കുന്ന കാവി പതാക നമ്മുടെ തനിമയാണ്. എണ്ണമറ്റ ആക്രമണകാരികള്‍ അത് നശിപ്പിക്കാന്‍ വന്നു, ഇപ്പോള്‍ അവരുടെ അടയാളം പോലും അവശേഷിക്കുന്നില്ല.
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനുശേഷമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ വരവ് അയോദ്ധ്യയെ തീര്‍ത്ഥാടന ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റി, റെയില്‍വേ വികസനത്തോടെ, ഇതൊരു മാതൃകാ നഗരമായി മാറിയിരിക്കുന്നു. ഇത് നിലനിര്‍ത്തുക എന്നത് ഓരോരുത്തരുടെയും കടമയാണ്. ഭഗവാന്‍ രാമന്റെ സാന്നിധ്യം എല്ലാവരെയും കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.രാംലല്ല ദര്‍ശനം നടത്തിയ പ്രതിരോധമന്ത്രി അന്നപൂര്‍ണ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് തുടങ്ങിയവരും പങ്കെടുത്തു.


















Discussion about this post