ജയ്പൂര്‍(രാജസ്ഥാന്‍): വികസനം എന്നത് സാമ്പത്തിക അഭിവൃദ്ധി മാത്രമല്ലെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍. വ്യക്തികളുടെയും സമൂഹത്തിന്റെയും കുടുംബങ്ങളുടെയും പ്രകൃതിയുടെയും സമതുലിതമായ ഉന്നമനമാണ് യഥാര്‍ത്ഥ വികസനം. ഭാരതീയ വികസന സങ്കല്‍പ്പം സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമല്ല, മറിച്ച് സമാജോന്മുഖമാണ്, ഇന്നത്തെ ലോക സാഹചര്യത്തില്‍ ഇത് ഏറ്റവും പ്രസക്തമാണ്, അദ്ദേഹം പറഞ്ഞു. ജയ്പൂര്‍ പാഥേയ്കണ്‍ സന്‍സ്ഥാനില്‍ സംഘടിപ്പിച്ച പൂജ്യ രജ്ജു ഭയ്യ സ്മാരക പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണഗോപാല്‍.
സ്വദേശിഭാവം ഏത് രാജ്യത്തിനും പരമപ്രധാനമാണ്. പൂര്‍വികരെപ്പറ്റി, സംസ്‌കാരം, ഭാഷ, സാഹിത്യം എന്നിവയെപ്പറ്റിയെല്ലാം ധാരണ ഉണ്ടാവണം. ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണെന്നും വ്യക്തമായിരിക്കുണം. ഇല്ലെങ്കില്‍ വികസനത്തിന്റെ ദിശ തെറ്റിപ്പോകും.
ഭാരതത്തില്‍ ജനിക്കുന്ന ഏതൊരാള്‍ക്കും ജീവിതത്തില്‍ എത്തിച്ചേരേണ്ട ഒരു ലക്ഷ്യമുണ്ടാകും. അത് നിര്‍ണയിക്കുന്നത് നമ്മുടെ പാരമ്പര്യമാണ്. ഈ ലക്ഷ്യമാകട്ടെ സ്വാര്‍ത്ഥമല്ല, മുഴുവന്‍ സമൂഹത്തിന്റെ ക്ഷേമവുമായി അത് ബന്ധപ്പെട്ടിരിക്കും. ഭൗതികവും ആത്മീയവുമായ സംയോജിത വികസനമാണ് ഈ പാരമ്പര്യത്തിന്റെ സവിശേഷത. ഭാരതം അതിപുരാതനകാലം മുതലേ സമ്പന്നമായിരുന്നു. ഈ പുരോഗതിയുടെ അടിസ്ഥാനം സമ്പത്ത് മാത്രമായിരുന്നില്ല. വിദ്യാഭ്യാസം, അറിവ്, സാമൂഹിക ക്രമം, ധാര്‍മ്മികത, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവ ഭാരതത്തെ സമ്പന്നമാക്കി എന്നതാണ് യാഥാര്‍ത്ഥ്യം.
ഭാരതത്തെപോലുള്ള ഒരു രാജ്യത്തിന് കേന്ദ്രീകൃത വികസന മാതൃക അനുയോജ്യമല്ലെന്ന് സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ മാതൃകയില്‍ ഏതാനും ചില കേന്ദ്രങ്ങളില്‍ വിഭവങ്ങളും അവസരങ്ങളും കേന്ദ്രീകരിക്കുന്നു, തൊഴിലില്ലായ്മ, അസമത്വം, സാമൂഹിക അസംതൃപ്തി എന്നിവയിലേക്ക് ഇത് നയിക്കുന്നു. അത്തരമൊരു മാതൃകയ്ക്ക് സമൂഹത്തില്‍ സമന്വയം സ്ഥാപിക്കാനോ ലോകത്തില്‍ സമാധാനം കൊണ്ടുവരാനോ കഴിയില്ല, അദ്ദേഹം പറഞ്ഞു.
നമ്മുടെ വികസന മാതൃക കുടുംബ കേന്ദ്രീകൃതമായിരിക്കണം. സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ട് വ്യക്തികള്‍ പുരോഗമിക്കുന്ന സാമൂഹിക ക്രമത്തിന്റെ അടിസ്ഥാന യൂണിറ്റാണ് കുടുംബം.വികേന്ദ്രീകൃതവും, സമൂഹ കേന്ദ്രീകൃതവും, മൂല്യാധിഷ്ഠിതവുമായ വികസനത്തിന് മാത്രമേ ശാശ്വതമായ പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയൂ, അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തകന്‍ ഉമേഷ് സോണി, പാഥേയ്കണ്‍ എഡിറ്റര്‍ പ്രൊഫ. രാംസ്വരൂപ് അഗര്‍വാള്‍, പ്രസിഡന്റ് പ്രൊഫസര്‍ നന്ദ്കിഷോര്‍ പാണ്ഡെ, ട്രഷറര്‍ രോഹിത് പ്രധാന്‍ എന്നിവരും സംസാരിച്ചു.
















Discussion about this post