ആഗ്ര(ഉത്തര്‍പ്രദേശ്): രാഷ്ട്രത്തിനെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിന് സംഘം മുന്‍കൈയെടുക്കണമെന്ന് ശ്രീശാരദാപീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി രാജരാജേശ്വരാശ്രമം. ആര്‍എസ്എസ് ബ്രജ് പ്രാന്തകാര്യാലയം മാധവ് ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയവും അന്തര്‍ദേശീയവുമായ ചോദ്യങ്ങളോട് വികാരപരമായല്ല, വിചാരപരമായി മറുപടി നല്കണം. സമൂഹത്തിന് തൃപ്തികരമായ ഉത്തരങ്ങള്‍ നല്കാന്‍ സ്വയംസേവകര്‍ക്ക് പരിശീലനം നല്കണം. ലോകത്തെ പിടികൂടിയിട്ടുള്ള മതഭ്രാന്തിന് മറുപടി സനാതനധര്‍മ്മത്തിലേ ഉള്ളൂ. വിവാദങ്ങളുടെയല്ല, സംവാദത്തിന്റെ സംസ്‌കാരമാണ് വളരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഏത് സംഘടനയും സമൂഹവും കാലത്തിനനുസരിച്ച് പുരോഗമിക്കണമെന്ന് പരിപാടിയില്‍ സംസാരിച്ച സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. 1977ല്‍ മാധവ് ഭവന്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ രാജ്യത്താകെ ആര്‍എസ്എസിന് 8000 ശാഖകളേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ അത് 90000 ആയി വളര്‍ന്നു. സേവനം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സംഘം സമാജത്തിന്റെ സംഘടനയായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഔറംഗസേബിന്റെ തടവില്‍ നിന്ന് മോചിതനായി ഛത്രപതി ശിവാജി ചരിത്രത്തില്‍ ഒരു സുവര്‍ണ അധ്യായം രചിച്ചത് ആഗ്രയിലാണ്. ഗോകുല്‍ ജാട്ടിന്റെ ബലിദാനവും റാണ സംഗയുടെ സാഹസികതയും ആഗ്രയുടെ ചരിത്രമാണ്. വൃന്ദാവനം, ഗോകുലം, ഗോവര്‍ദ്ധനം തുടങ്ങി ആഗ്രയുടെ സമീപദേശങ്ങളില്‍ ആത്മീയവസന്തം തീര്‍ത്ത പുരാണകേന്ദ്രങ്ങളുണ്ട്. എന്നാല്‍ ആഗ്രയിലെ ജനങ്ങള്‍ ഈ മഹത്തായ ചരിത്രം മറക്കുന്നത് ശരിയല്ല. താജ് മഹലിനൊപ്പം സഞ്ചാരികള്‍ക്ക് കാണാനും അറിയാനും പാകത്തിനും ഇതെല്ലാം ജനങ്ങളിലെത്തേണ്ടതുണ്ട്.
നവീകരിച്ച മാധവ് ഭവനില്‍ ഇതെല്ലാം പഠിപ്പിക്കുന്നതിനും രേഖകള്‍ സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ടാകുമെന്ന് കൃഷ്ണഗോപാല്‍ പറഞ്ഞു.















Discussion about this post