ദര്‍ഭംഗ(ബിഹാര്‍): സമൂഹത്തിലെ ഏത് തരത്തിലുള്ള വിവേചനവും ദേശീയ ഐക്യത്തിന് ഹാനികരമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജാതി, വര്‍ഗം, വിഭാഗം തുടങ്ങിയ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാവരും ഉയര്‍ന്ന്, പരസ്പരപൂരകമായി, ഒരേ മനസോടെ മുന്നേറുന്ന സമൂഹമാണ് സംഘം വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ദര്‍ഭംഗ ഡിഎംസിഎച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
ശക്തവും ഏകാത്മകവുമായ ഭാരതത്തിന്റെ അടിത്തറയാണ് സാമാജിക സമരസതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ സമാജത്തെയും സംഘടിപ്പിച്ച് രാജ്യത്തെ പരമവൈഭവത്തിലേക്ക് ഉയര്‍ത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് സംഘം തുടങ്ങിയതുമുതല്‍ ഇന്ന് വരെയും പ്രവര്‍ത്തിക്കുന്നത്. ദേശീയതയുടെ അടിത്തറയില്‍ സമൂഹത്തെ സംഘടിപ്പിക്കുന്നതിലും ഐക്യം ശക്തിപ്പെടുത്തുന്നതിലും സംഘപ്രവര്‍ത്തകര്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സംഘം ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ വേണ്ടിയല്ല, മറിച്ച് രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സേവനം, വിദ്യാഭ്യാസം, സാമൂഹിക ഐക്യം, സ്വാശ്രയത്വം, പരിസ്ഥിതി സംരക്ഷണം, സാംസ്‌കാരിക നവോത്ഥാനം തുടങ്ങിയ മേഖലകളില്‍ സ്വയംസേവകര്‍ നിരന്തരം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സംഘത്തിന്റെ ശതാബ്ദി കാലഘട്ടം ആത്മപരിശോധനയ്ക്കും ആഗോളതലത്തില്‍ ശക്തിയാര്‍ജിക്കുന്ന ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഏറ്റെടുക്കേണ്ട കടമകളെക്കുറിച്ചുള്ള ആലോചനയ്ക്കുമുള്ള അവസരമാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകമാണ്. അച്ചടക്കം, സ്വഭാവരൂപീകരണം, സേവന മനോഭാവം, രാഷ്ട്രത്തോടുള്ള സമര്‍പ്പണം എന്നിവയിലൂടെ യുവതലമുറ പുരോഗമിക്കണമെന്ന് സംഘം പ്രതീക്ഷിക്കുന്നു. പഞ്ചപരിവര്‍ത്തനത്തിലൂടെയുള്ള സാമൂഹിക മാറ്റത്തെക്കുറിച്ച് സംഘം നിരന്തരം പറയുന്നു. സമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി ജീവിതശൈലി, പൗരബോധം, കുടുംബപ്രബോധനം എന്നിവയാണ് അഞ്ച് പ്രവര്‍ത്തനങ്ങള്‍. ഇത് വെറും ആശയങ്ങളല്ല, നടപ്പാക്കേണ്ട പ്രതിജ്ഞകളാണ്. ഇതിലൂടെ സമൂഹം സ്വാശ്രയവും ദേശഭക്തിനിര്‍ഭരവുമാകും, സര്‍കാര്യവാഹ് പറഞ്ഞു.















Discussion about this post