രാജ്‌കോട്ട്(ഗുജറാത്ത്): ദേശീയ താല്പര്യത്തോടെയുള്ള നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ ഏത് പ്രവര്‍ത്തിയും സംഘപ്രവര്‍ത്തനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിക്കിപീഡിയ വഴി ആര്‍എസ്എസിനെ അറിയാന്‍ ശ്രമിക്കരുത്. മറ്റുള്ളവരുടെ പ്രചാരണത്തിലൂടെയും സംഘത്തെ മനസിലാക്കാനാകില്ല. നിങ്ങള്‍ രാഷ്ട്രകാര്യത്തിനായി ചെയ്യുന്ന ഏത് നല്ല കാര്യവും സംഘത്തിന്റെ കാര്യമായിത്തീരും. കാരണം സംഘകാര്യവും രാഷ്ട്രകാര്യവും രണ്ടല്ല, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി രാജ്‌കോട്ട് സേവാഭാരതി ഭവനില്‍ സംഘടിപ്പിച്ച യുവപ്രതിഭകളുടെ ഒത്തുചേരലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും നമ്മുടെ രാഷ്ട്രത്തെക്കുറിച്ച് ശരിയായ ധാരണ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു. രാജ്യം എന്താണെന്നും എന്താകണമെന്നുമുള്ള കാഴ്ചപ്പാട് നമുക്ക് വേണം. ഈ ധാരണയുടെ അഭാവം കൊണ്ടാണ് നമ്മുടെ രാജ്യം മുമ്പ് അടിമത്തത്തിലേക്ക് വീണത്. ഇത് ജീവനുള്ള മണ്ണാണ്. ഭാരതമാതാവെന്നാണ് നാം രാജ്യത്തെ വിളിക്കുന്നത്. അത് അവിഭാജ്യമാണ്. നമ്മുടെ ഹൃദയവികാരമാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

ഇത് ഹിന്ദുരാഷ്ട്രമാണ്. ബ്രിട്ടീഷുകാര്‍ ബ്രിട്ടനിലും അമേരിക്കക്കാര്‍ അമേരിക്കയിലും താമസിക്കുന്നതുപോലെ, ഹിന്ദുസ്ഥാനില്‍ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. ഇന്ത്യ, ഹിന്ദുസ്ഥാന്‍ എന്നീ പേരുകളെല്ലാം ഒന്നിനെയാണ് അടയാളപ്പെടുത്തുന്നത്. ഭാരതവും ഹിന്ദുധര്‍മ്മവും ഒന്നാണ്, അത് ഒരു ജീവിതഭാവമാണ്. ഒരുമിച്ചു ജീവിക്കുകയും ഒരുമയോടെ മുന്നോട്ട് പോകുകയും ചെയ്യുന്ന സ്വഭാവമാണത്. വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ ആത്മാവ്. സനാതനി, ഭാരതീയന്‍, ഇന്ത്യന്‍, ഹിന്ദു തുടങ്ങിയവയെല്ലാം സമാനമായ പേരുകളാണ്. ‘ഹിന്ദു’ എന്ന വാക്ക് കൂടുതല്‍ ലളിതവും എളുപ്പത്തില്‍ മനസിലാക്കാവുന്നതുമാണ്, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ഭാരതത്തില്‍ അതിപുരാതനകാലം മുതലേ ജീവിക്കുന്നവരാണ് ഹിന്ദുസമൂഹം. വിശാലമായ ആ പാരമ്പര്യം അവനില്‍ നിന്ന് മറച്ചുവയ്ക്കാനുള്ള ആസൂത്രിത ഗൂഢനീക്കം വിദ്യാഭ്യാസത്തിലൂടെയും മറ്റും അധിനിവേശശക്തികള്‍ നടത്തിയിട്ടുണ്ട്. പരമ്പരാഗത ജനത എന്ന നിലയില്‍ ഈ രാജ്യത്തെ ശക്തവും വികസിതവുമാക്കാനുള്ള ഉത്തരവാദിത്തം ഹിന്ദുസമൂഹത്തിനുണ്ട്. അതുകൊണ്ടുതന്നെ മുഴുവന്‍ ഹിന്ദു സമൂഹത്തെയും ഒന്നിപ്പിക്കാനും ഗുണനിലവാരം വളര്‍ത്താനും ലോകക്ഷേമത്തിനായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനും സംഘം നിരന്തരം പ്രവര്‍ത്തിക്കുന്നു, അദ്ദേഹം പറഞ്ഞു.

സംഘം ശാഖകളിലൂടെ വ്യക്തികളില്‍ സമര്‍പ്പണഭാവം വളര്‍ത്തുന്നു. അത്തരം സ്വയംസേവകര്‍ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളെ സേവിക്കാന്‍ കഴിയും. എന്നാല്‍ രാഷ്ട്രത്തിന്റെയാകെ മുന്നേറ്റത്തിന് മുഴുവന്‍ സമൂഹത്തിന്റെയും സജീവത ആവശ്യമാണ്. എല്ലാവര്‍ക്കും ശാഖയില്‍ വന്ന് സ്വയംസേവകരാകാന്‍ കഴിയാത്തതിനാല്‍ മാറ്റത്തിന്റെ അഞ്ച് മന്ത്രങ്ങള്‍ – പഞ്ച പരിവര്‍ത്തനംഎന്ന ആശയം സംഘം അവതരിപ്പിച്ചു: സാമാജിക സമരസത, കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സ്വദേശി, പൗരധര്‍മ്മം എന്നീ അഞ്ച് മേഖലകളില്‍ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങളിലൂടെ ഏതൊരു പൗരനും രാഷ്ട്രത്തിന്റെ പുരോഗതിക്ക് തങ്ങളുടേതായ സംഭാവന നല്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് സൗരാഷ്ട്ര പ്രാന്ത സംഘചാലക് മുകേഷ്ഭായ് മാല്‍ക്കന്‍ വേദിയില്‍ സന്നിഹിതനായിരുന്നു.
















Discussion about this post