നാഗ്പൂർ : വികസിത ഭാരതം യാഥാർത്ഥ്യമാക്കാൻ ഒരുമിച്ച് പ്രയത്നിക്കണമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ പദ്മഭൂഷൺ കുമാരമംഗലം ബിർള. വികസിത ഭാരതമെന്നത് വലിയ സ്വപ്നമാണ്. അത് പൂർത്തീകരിക്കുന്നതിന് വ്യവസായ ലോകത്തിന് ഏറെ ചെയ്യാനുണ്ട്. ഞാൻ ഭാരതീയ യുവത്വത്തോട് അഭ്യർത്ഥിക്കുന്നു, നിങ്ങൾ ഭാരതത്തിൽ ഉത്പാദിപ്പിക്കൂ. ഭാരതത്തിന് വേണ്ടി ഉത്പാദിപ്പിക്കൂ. ഭാരതത്തിൽ ജീവിച്ചു കൊണ്ട് മുഴുവൻ ലോകത്തിനും വേണ്ടി നിർമ്മിക്കൂ, അദ്ദേഹം പറഞ്ഞു. രേശിംബാഗിൽ ആർ എസ് എസ് കാര്യകർത്താ വികാസ് വർഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുമാരമംഗലം ബിർള.
സ്വാതന്ത്ര്യത്തിന് മുൻപ് മുതൽ രാജ്യം നേരിട്ട് ദുരന്തമുഖങ്ങളിലൊക്കെ രാഷ്ട്രത്തിന്റെയും സമാജത്തിന്റെയും ഒപ്പം ആർഎസ്എസ് ഉറച്ചുനിന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തെ അറിയാൻ ഉള്ളിൽ നിന്ന് നോക്കണമെന്ന് കുറച്ചുനാൾ മുമ്പ് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. എന്നാൽ പതിറ്റാണ്ടുകളായി സ്വയംസേവകർ തുടരുന്ന കഠിനപരിശ്രമം മൂലം പുറത്തു നിന്ന് നോക്കുന്നവരും സംഘത്തിൽ ആകൃഷ്ടരാകും, അദ്ദേഹം പറഞ്ഞു.
ദീർഘനാളത്തെ അടിമത്തം നമ്മുടെ ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തി എങ്കിലും ഇന്ന് നമ്മൾ വലിയ സാമ്പത്തിക ശക്തിയായി മാറി. ഇനിയും ശക്തിയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
എഐ സാങ്കേതികവിദ്യ നമ്മുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു. ഇത് മറ്റേതൊരു സാങ്കേതികവിദ്യയെക്കാൾ ലോകത്തെ മാറ്റിമറിക്കാൻ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.
ആത്മനിർഭരത കേവലം ഒരു സാമ്പത്തിക നയമല്ല; മറിച്ച് രാഷ്ട്ര നിർമ്മാണത്തിന്റെ ആധാരമാണെന്ന് കുമാരമംഗലം ബിർള പറഞ്ഞു.
ആദിത്യ ബിർള ഗ്രൂപ്പിന്റെ നയങ്ങൾക്കും സംഘത്തിന്റെ ഗതിവിധി സങ്കൽപ്പത്തിനും ഒട്ടനവധി സമാനതകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.













