ന്യൂദല്‍ഹി: വസ്തുതകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും അധികാരത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയും പൊതുചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്. ആര്‍എസ്എസിന്റെ ഇംഗ്ലീഷ് മുഖപത്രമായ ഓര്‍ഗനൈസര്‍ വാരികയുടെ 80-ാം സ്ഥാപക വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധൈര്യത്തോടെ പ്രയോഗിക്കുമ്പോഴാണ് മാധ്യമസ്വാതന്ത്ര്യത്തിന് യഥാര്‍ത്ഥ അര്‍ത്ഥമുണ്ടാകുന്നത്. താന്‍ ഒരു സാധാരണ സ്വയംസേവകനായാണ് സ്വയം കാണുന്നത്. ചെറുപ്പകാലം മുതല്‍ ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള അറിവും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതില്‍ ഓര്‍ഗനൈസര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് സെന്‍സര്‍ഷിപ്പിനെതിരെ ഓര്‍ഗനൈസറും അതിന്റെ സഹോദര പ്രസിദ്ധീകരണമായ ‘ദി മദര്‍ലാന്‍ഡ്’ഉം സ്വീകരിച്ച നിലപാടിനെ ഉപരാഷ്ട്രപതി പ്രത്യേകം അനുസ്മരിച്ചു. ഭരണഘടനാ ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായവരുടെ സംഗമകേന്ദ്രമായി ഈ പ്രസിദ്ധീകരണങ്ങള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
എട്ട് പതിറ്റാണ്ടുകളുടെ പ്രസിദ്ധീകരണങ്ങള്‍ ഭാരതത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിന്റെ സുപ്രധാന ആര്‍ക്കൈവല്‍ രേഖയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പ്രഫുല്ല കേത്കര്‍, ഗൗതം ചൗബെ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഹിന്ദുത്വ ഡിസ്കോഴ്സ് ആഫ്ടര്‍ ഇന്‍ഡിപെന്‍ഡെന്‍സ്- റീഡിങ് വിത്ത് ഓര്‍ഗനൈസര്‍ പേജസ് എന്ന പുസ്തകവും, ഡോ. ഉജ്വല ചക്രദേവ് രചിച്ച ടെംപിള്‍ ബിയോന്‍ഡ് ഭാരത് എന്ന ഗ്രന്ഥവും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഭാരത് പ്രകാശന് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍, ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍, ആര്‍എസ്എസ് ദല്‍ഹി പ്രാന്ത് സംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

















Discussion about this post