റായ്പൂര്‍(ഛത്തീസ്ഗഢ്): കമ്മ്യൂണിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം. തെക്കന്‍ ബസ്തര്‍ മുതല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വരെ വ്യാപിച്ചുകിടക്കുന്ന 4000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കുന്നിന്‍ പ്രദേശവും വനപ്രദേശവുമാണ് അബൂഝ്മാഡ്. ഈ മേഖലയിലെ ഒമ്പത് ഗ്രാമങ്ങളാണ് ദേശീയ പതാക ഉയര്‍ത്തി ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അബൂഝ്മാഡ് രാജ്യത്ത് ഇതുവരെ സര്‍വേ ചെയ്യപ്പെടാതെ കിടക്കുന്ന ഏക പ്രദേശമാണ്. മാവോയിസ്റ്റ് ഭീകരത തുടച്ചുനീക്കപ്പെട്ടതോടെ പ്രദേശത്ത് സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നക്‌സല്‍ ഭീകരത സൃഷ്ടിച്ച ഭീതിയുടെ നിഴലില്‍ പതിറ്റാണ്ടുകളായി കഴിഞ്ഞിരുന്ന കോര്‍സ്‌കോഡോ, ഹച്ചെകോട്ടി, അദ്നാര്‍, ബോട്ടര്‍, കുംനാര്‍, ദിവാലൂര്‍, ഗുണ്ടേകോട്ട്, റെകപാല്‍, റാസ്‌മെറ്റ തുടങ്ങിയ ഗ്രാമങ്ങളാണ് ഇതാദ്യമായി സ്വാതന്ത്ര്യദിനം കൊണ്ടാടിയത്.
പ്രദേശം നക്‌സല്‍ മുക്തമായതിന് ശേഷമെത്തുന്ന ആദ്യ സ്വാതന്ത്ര്യദിനത്തില്‍തന്നെ ഗ്രാമവാസികള്‍ സമാധാനത്തിന്റെ മടങ്ങിവരവ് ആഘോഷമാക്കുകയായിരുന്നു. അബൂഝ്മാഡിലെ സ്വാതന്ത്ര്യദിനാഘോഷം ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ഉത്സവമാണെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പ്രതികരിച്ചു. അബൂഝ്മാഡ് ഭയത്തില്‍നിന്ന് വികസനത്തിലേക്കും സമാധാനത്തിലേക്കും ജനാധിപത്യത്തിലേക്കും നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വൈകാരികമായ മുഹൂര്‍ത്തമെന്നാണ് ഗ്രാമീണരുടെ പ്രതികരണം. സന്തോഷത്തിന്റെ ദിവസങ്ങളാണിത്. മുന്‍ വര്‍ഷങ്ങളില്‍ രാജ്യം റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും കൊണ്ടാടുമ്പോഴെല്ലാം വീടിനു പുറത്തിറങ്ങരുതെന്നും കരിദിനമായി ആചരിക്കണമെന്നും മാവോയിസ്റ്റ് ഭീകരര്‍ ഭീഷണിപ്പെടുത്തുമായിരുന്നു. ഇന്ന് ഭാരതീയരാണെന്ന് മറ്റ് ഗ്രാമവാസികള്‍ക്കൊപ്പം അഭിമാനത്തോടെ പറയാന്‍ ഈ തലമുറയ്ക്ക് കഴിയുന്നതിന്റെ ആഹ്ലാദമാണ് അബൂഝ്മാഡിലെന്ന് അബൂഝ്മദിന്റെ കീഴിലുള്ള ഓര്‍ച്ചയില്‍ താമസിക്കുന്ന ഗുഡ്ഡു നുറെറ്റി പറഞ്ഞു.




















Discussion about this post