കാശി: ആഗോള സാഹോദര്യത്തിന്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും അടിത്തറയാകുന്നത് ഭാരതത്തിന്റെ ഏകാത്മകതയും ഐക്യവുമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിമാര്‍ഗം പിന്തുടര്ന്നാണ് നമ്മുടെ രാജ്യം സാമാജിക കമരസത എന്ന തത്വം സ്വീകരിച്ചത്. ഭാരതത്തിന്റെ സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കുന്നതിന് ഇത് അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു. തിലക് നഗര്‍ സിഗ്ര സമ്പൂര്‍ണാനന്ദ് സ്പോര്‍ട്സ് കോംപ്ലക്സില്‍ സംഘടിപ്പിച്ച രക്ഷാബന്ധന് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

ബന്ധുത്വമില്ലാത്തവരെയും ബന്ധുക്കളാക്കുന്നതിന് നിത്യേനയുള്ള കൂടിക്കാഴ്ചയ്ക്കും സമ്പര്‍ക്കത്തിനും സാധിക്കും. അതിലൂടെ ഇഴയടുപ്പം വര്‍ധിക്കും. അത്തരം ഒത്തുചേരലുകളില്ലാതാകുന്നതോടെ അകലം വര്‍ധിക്കുകയും ബന്ധുഭാവം ഇല്ലാതാവുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപരിചിതരെ പരിചയക്കാരാക്കുകയും പരിചയക്കാരെ സുഹൃത്തുക്കളാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ ശീലം. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെ വ്യത്യസ്ത രൂപങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മാത്രം മുന്‍ഗണന നല്കിയ രാഷ്ട്രങ്ങളില്‍ പലവിധ കാമനകള്‍ തഴച്ചുവളര്‍ന്നു. സോവിയറ്റ് റഷ്യ പോലുള്ള രാജ്യങ്ങള്‍ സമത്വത്തിന് മാത്രം മുന്‍ഗണന നല്കിയപ്പോള്, ഈ ആശയവും പരാജയപ്പെടുകയാണ് ചെയ്തത്. എന്നാല്‍ ഭാരതത്തില്‍ സാഹോദര്യവും സ്വാതന്ത്ര്യവും സമത്വവും പരസ്പര പൂരകങ്ങളാണ്.

ഹിന്ദു സംസ്കാരമനുസരിച്ച് ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു. എല്ലാ ജീവജാലങ്ങളും ഒരേ ഈശ്വരന്റെതന്നെ ഭാഗങ്ങളാണ്. ഉദാത്തമായ ഈ ഭാവമാണ് നമ്മുടെ സാഹോദര്യബന്ധത്തിന്റെ അടിത്തറ. സ്നേഹം കൊണ്ടാണ് വ്യക്തിയും സമൂഹവും രാഷ്ട്രങ്ങളും പരസ്പരം ബന്ധിപ്പിക്കപ്പെടേണ്ടത്. ലോകസാഹോദര്യത്തിന്റെ സന്ദേശവും ഇതാണ്. അസ്ഥിരതയുടെ അടിസ്ഥാനം സ്വാര്‍ത്ഥതയാണ്. ബന്ധുത്വമുള്ളിടത്ത് സ്വാര്‍ത്ഥതയ്ക്ക് സ്ഥാനമുണ്ടാവില്ലെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
രക്ഷാബന്ധന മഹോത്സവത്തിന്റെ ഭാഗമായി സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, കാശി മധ്യ സംഘചാലക് ഡോ. ഹേമന്ത് ഗുപ്ത, തിലക് നഗര്‍ സംഘചാലക് പ്രദീപ് എന്നിവര്‍ ഭഗവപതാകയില് രാഖി ബന്ധിച്ചു.
















