ഇന്‍ഡോര്‍(മധ്യപ്രദേശ്): ഹിന്ദുമേളകളിലൂടെ സ്വാഭിമാനമുണര്‍ത്തിയ രാജ്നാരായണ ബസു ദേശീയ ബോധത്തിന്റെ വഴികാട്ടിയായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ബസുവിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് അഖില ഭാരതീയ കാര്യകാരി മണ്ഡല് ബൈഠക്കില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. മഹാനായ ദേശസ്നേഹി, സാമൂഹിക പരിഷ്കര്‍ത്താവ്, ദാര്ശനികന് എന്നീ നിലകളില്‍ ശ്രദ്ധേയനായ രാജ്നാരായണ ബസുവിന്റെ 200-ാം ജന്മവാര്ഷികത്തില് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളും തത്ത്വചിന്തയും എന്നത്തേക്കാളും ഇന്നും പ്രസക്തമാണ്. ആത്മാഭിമാനത്തിന്റെയും ആഴത്തില്‍ വേരൂന്നിയ സാംസ്കാരിക പൈതൃകത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബസുവിന്റെ ദര്‍ശനങ്ങള്‍ എന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1826 ഡിസംബര്‍ ഏഴിന് ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബോറല്‍ ഗ്രാമത്തിലാണ് രാജ്നാരായണ ബസു ജനിച്ചത്. ദരിദ്രരുടെ ഉന്നമനത്തിനും ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനും സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും വിധവ പുനര്‍വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം ശ്രദ്ധേയമായ പരിശ്രമങ്ങള്‍ നടത്തി. സ്വന്തം സഹോദരനെ വിധവയുമായി വിവാഹം കഴിപ്പിച്ചുകൊണ്ട് അദ്ദേഹം മാതൃക കാട്ടി. 1867-ല്‍ നബഗോപാല് മിത്ര ആരംഭിച്ച ഹിന്ദു മേളയിലൂടെ സ്വദേശി വസ്തുക്കളുടെ പ്രചാരണത്തിന് അദ്ദേഹം ഊന്നല്‍ നല്കി. മാതൃഭാഷ ആത്മാഭിമാനത്തിന്റെയും ദേശീയ ബോധത്തിന്റെയും അടിത്തറയാണെന്ന് വിശ്വസിച്ചു. ഭാരതത്തിന്റെ സാംസ്കാരികവും ദേശീയവുമായ ഐക്യത്തിന്റെ അടിസ്ഥാനമായി ഹിന്ദു ധര്‍മ്മത്തെ കണക്കാക്കി.
മഹര്‍ഷി ശ്രീ അരബിന്ദോയുടെ മാതൃപിതാവായിരുന്ന രാജ്നാരായണ ബസുവിന്റെ ദര്‍ശനങ്ങള്‍ രബീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്, സിസ്റ്റര്‍ നിവേദിത എന്നിവരുള്‍പ്പെടെ ഭാരതത്തിന്റെ ദേശീയ നവോത്ഥാന-സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ നിരവധി പ്രമുഖരെ സ്വാധീനിച്ചിരുന്നുവെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.














