ഇന്‍ഡോര്‍(മധ്യപ്രദേശ്): സ്വാമി ശ്രദ്ധാനന്ദന്റെയും സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് ധര്‍മ്മരക്ഷയ്ക്കായ് എപ്പോഴും സജ്ജരായിരിക്കാന്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്തു. സ്വധര്‍മ്മത്തിനായി സ്വാമി ശ്രദ്ധാനന്ദന്‍ ബലിദാനിയായിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ധര്‍മ്മരക്ഷയ്ക്കായി പോരാടി ജീവന് വെടിഞ്ഞ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ജന്മശതാബ്ദിയും ഇക്കാലത്താണ്. രണ്ടുപേരുടെയും ജീവിതം നാടിന് പ്രേരണയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ അവതരിപ്പിച്ച പ്രസ്താവനയില്‍ സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
സ്വാമി ശ്രദ്ധാനന്ദന്‍ ശുദ്ധിപ്രസ്ഥാനത്തിന്റെ ധീരനായ നായകനായിരുന്നു. കേരളത്തിലെ വൈക്കത്ത് പിന്നാക്ക സമൂഹം നേരിട്ട വിവേചനത്തിനെതിരെ പൊരുതാന്‍ അദ്ദേഹം നേരിട്ടെത്തിയത് ചരിത്രമാണ്. മാപ്പിളക്കലാപത്തിലെ മനുഷ്യക്കുരുതിക്കു ശേഷം കേരളത്തിലും രാജ്യത്തൊട്ടാകെയും ശുദ്ധിപ്രസ്ഥാനത്തിലൂടെ ആയിരക്കണക്കിനാളുകളെ അദ്ദേഹം സ്വധര്‍മ്മത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഭാരതീയ വിദ്യാഭ്യാസമേഖലയെ തകര്‍ത്ത ബ്രിട്ടീഷ് ആധിപത്യ നീക്കങ്ങളെ ചെറുക്കാന്‍ ഹരിദ്വാറിലെ കാംഗ്ഡിയില് ഗുരുകുലം സ്ഥാപിച്ചതും സ്വാമി ശ്രദ്ധാനന്ദനാണ്. 1926 ഡിസംബര്‍ 23നാണ് അദ്ദേഹത്തെ അബ്ദുള്‍ റഷീദ് എന്ന മതഭ്രാന്തന് ക്രൂരമായി വധിച്ചത്. അദ്ദേഹത്തിന്റെ ധീരസ്മരണകള്‍ക്ക് മുന്നില്‍ ആര്‍എസ്എസ് പ്രണമിക്കുന്നു.
ഒഡീഷയിലെ കന്ധമാലില്‍ മതപരിവര്ത്തനശക്തികളെ ചെറുക്കുകയാണ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ചെയ്തത്. അദ്ദേഹം ആത്മീയതയുടെ അടിത്തറയില്‍ വനവാസി ജനതയ്ക്ക് ഭൗതികസമൃദ്ധി നല്കാന് പരിശ്രമിച്ചു. അവര്‍ക്ക് വിദ്യാഭ്യാസവും ആത്മവിശ്വാസവും നല്കി. സാംസ്കാരികമായ വേരുകളിലൂന്നി മുന്നേറാന്‍ അവര്‍ക്ക് പ്രേരണ നല്കി. അദ്ദേഹത്തിന്റെ ജീവിതം മാതൃഭൂമിയുടെയും ധര്‍മ്മത്തിന്റെയും സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അസ്വസ്ഥരായ രാജ്യവിരുദ്ധ ശക്തികള്‍ പല തവണ നേരിട്ട് ആക്രമിച്ചിട്ടും അദ്ദേഹം ധീരതയോടെ തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഒടുവില്‍, അക്രമികള്‍ ജന്മാഷ്ടമിനാള് ആശ്രമം ആക്രമിച്ച് സ്വാമിജിയെയും നാല് ശിഷ്യന്മാരെയും അരുംകൊല ചെയ്യുകയായിരുന്നു. 1926 ആഗസ്റ്റ് 15ന് ജനിച്ച സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ജന്മശതാബ്ദിയില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.












