ബെംഗളൂരു: സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രഖ്യാപനം. നിയമസഭയില്‍ ബജറ്റ് അവതരണവേളയിലാണ് ഭക്തരുടെ നീണ്ടനാളത്തെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 34,558 ക്ഷേത്രങ്ങള്‍ മോചിക്കപ്പെടും.
”ക്ഷേത്രങ്ങളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയണമെന്ന ദീര്‍ഘകാല ആവശ്യം നിലനില്‍ക്കുന്നു. ഭക്തരുടെ ഈ ആവശ്യങ്ങള്‍ പരിഗണിച്ച് എന്‍ഡോവ്മെന്റ് വകുപ്പിന്റെ പരിധിയില്‍ വരുന്ന ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. വികസന പ്രവര്‍ത്തനങ്ങളുടെ വിവേചനാധികാരം ക്ഷേത്രങ്ങളെ ഏല്‍പ്പിക്കാന്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കും,’ മുഖ്യമന്ത്രി ബൊമ്മൈ നിയമസഭയില്‍ പറഞ്ഞു.
നിലവില്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം വിനിയോഗിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടണം. ക്ഷേത്രവികസനത്തിനും ഫണ്ട് വിനിയോഗത്തിനുമുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ച് ക്ഷേത്രവിശ്വാസികള്‍ അനുമതിക്കായി കാത്തിരിക്കേണ്ടി വരാറുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഹൂബ്ലിയില്‍ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍, സംസ്ഥാനത്തെ ക്ഷേത്രങ്ങളെയും ഹിന്ദു മതസ്ഥാപനങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി ബൊമ്മൈ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ വിവിധ തരത്തിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴിലാണ്. ബ്യൂറോക്രാറ്റുകളുടെ കൈകളില്‍ ദുരിതമനുഭവിക്കുന്ന ക്ഷേത്രങ്ങള്‍ ഈ സര്‍ക്കാര്‍ സ്വതന്ത്രമാക്കും, ബൊമ്മൈ പറഞ്ഞു.
സര്‍ക്കാര്‍നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ വിശ്വഹിന്ദുപരിഷത്ത് ദീര്‍ഘകാലമായി പ്രക്ഷോഭത്തിലാണ്. ഡിസംബര്‍ 26 ന് ഗുജറാത്തിലെ ജുനഗഡില്‍ സമാപിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആന്‍ഡ് ഗവേണിംഗ് കൗണ്‍സിലിന്റെ മൂന്ന് ദിവസത്തെ യോഗത്തില്‍, രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളെയും മോചിപ്പിക്കാനുള്ള നീക്കം തുടരുമെന്ന് വിഎച്ച്പി പ്രമേയം പാസാക്കിയിരുന്നു.
വിഷയത്തില്‍ പലതവണ കോടതികള്‍ ഇടപെട്ടിട്ടുണ്ടെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ്, ക്ഷേത്രങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ നവംബറില്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി തന്റെ സര്‍ക്കാര്‍ ഉത്തരാഖണ്ഡ് ചാര്‍ ധാം ദേവസ്ഥാനം മാനേജ്‌മെന്റ് ആക്റ്റ്, 2019 റദ്ദാക്കുമെന്നും അതുവഴി ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Discussion about this post