ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കെ അദ്ദേഹത്തിന്റെ ഭൗതിരാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹത്തിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
‘വിജയിയായ ഒരു വിപ്ലവ സേനാനായകനായി സ്വതന്ത്ര ഇന്ത്യയിലേക്ക് മടങ്ങുക എന്നതായിരുന്നു നേതാജിയുടെ ആഗ്രഹം. അതിനു സാഹചര്യങ്ങള്‍ അനുവദിച്ചില്ല. ഈ 125-ാം ജന്മവര്‍ഷത്തില്‍ ആ ആഗ്രഹങ്ങളെ മാനിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം, 2022 ഓഗസ്റ്റ് 18നകം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ വിശ്രമിക്കാന്‍ എത്തിക്കുക എന്നതാണ്,” ബോസ് എഴുതി.
ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലെ അവശിഷ്ടങ്ങള്‍ നേതാജിയുടേതാണെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെന്നും അതിനാലാണ് അവ അടങ്ങുന്ന കലശം പരിപാലിക്കുന്നതിനുള്ള ചെലവില്‍ സര്‍ക്കാര്‍ സംഭാവന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത് ഉറപ്പാക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നേതാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം നിയോഗിച്ച മൂന്ന് കമ്മീഷനുകളില്‍ രണ്ടെണ്ണം അദ്ദേഹം 1945-ല്‍ വിമാനാപകടത്തില്‍ മരിച്ചതായാണ് നിരീക്ഷിച്ചത്. എന്നാല്‍ 1999-ല്‍ രൂപീകരിച്ച ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍ ഇതിനോട് യോജിച്ചില്ല. 1945 ഓഗസ്റ്റ് 18ന് തായ്പേയില്‍ വിമാനാപകടത്തില്‍ നേതാജിയുടെ മരിച്ചു എന്നതിനെ സംബന്ധിച്ച് വിവാദമുണ്ട്.
നേതാജിയുടെ വിയോഗം സര്‍ക്കാര്‍ പരസ്യമായും വ്യക്തമായും പ്രഖ്യാപിച്ചിട്ടില്ലെന്ന് ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. ‘ഈ നീട്ടിവയ്ക്കല്‍ കാരണം, സിനിമകളില്‍ ഉള്‍പ്പെടെ നേതാജിയെ സംബന്ധിച്ച് വിചിത്രമായ കഥകള്‍ പ്രചരിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post