ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ വേദമന്ത്രങ്ങള്‍ മുഴങ്ങി. ശ്രീശങ്കരജയന്തിയില്‍ ശ്രീനഗറിലും ആഘോഷം. ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠമേറിയ കശ്മീരില്‍ അഞ്ച് ദിവസത്തെ ആഘോഷങ്ങളാണ് നടക്കുന്നത്. ആദിശങ്കരന്‍ സന്ദര്‍ശനത്തിന്‍റെയും തത്വവിചാരം പകര്‍ന്നതിന്‍റെയും ഓര്‍മ്മകളുമായി നിരവധി പരിപാടികള്‍ക്കാണ് പ്രദേശം സാക്ഷ്യം വഹിക്കുന്നത്. മെയ് മൂന്നിന് ആരംഭിച്ച ആഘോഷങ്ങള്‍ നാളെ സമാപിക്കും.
പ്രാദേശിക ഭരണകൂടത്തിന്‍റെയും വിവിധ കശ്മീരി സംഘടനകളുടെയും പിന്തുണയോടെ ജമ്മു കശ്മീര്‍ ധര്‍മ്മാര്‍ത്ഥ് ട്രസ്അറ് ‘വണ്‍ ഇന്ത്യ സ്‌ട്രോങ് ഇന്ത്യ’ എന്ന സന്ദേശമുയര്‍ത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേശകന്‍ രാജീവ്‌റായ് ഭട്നാഗര്‍, ഡിവിഷണല്‍ കമ്മീഷണര്‍, പി.കെ. പോള്‍, ധര്‍മാര്‍ത്ഥ് ട്രസ്റ്റ് അധ്യക്ഷന്‍ അജയ് ഗണ്ഡോത്ര എന്നിവര്‍ പരമ്പരാഗത രീതിയില്‍ പൂജയും നടത്തി.
താഴ്വരയിലെ അതീവ സുരക്ഷാ സാഹചര്യങ്ങള്‍ക്കിടയില്‍ ദാല്‍ തടാകത്തിന് അഭിമുഖമായുള്ള പുരാതന ശങ്കരാചാര്യ ക്ഷേത്രത്തിലാണ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ദക്ഷിണഭാരതത്തില്‍ നിന്നുള്ള ഇരുന്നൂറോളം സംന്യാസിമാര്‍ ശ്രീനഗറിലെ ശങ്കരജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു.
മഹാപണ്ഡിതന്മാരുമായി ശങ്കരാചാര്യര്‍ നടത്തിയ സംവാദങ്ങളുടെ ഓര്‍മ്മ പുതുക്കുന്ന സംവാദസഭകള്‍, ശ്രീശങ്കരദര്‍ശനത്തെ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ തുടങ്ങിയവ കൊണ്ട് ആഘോഷം സമ്പന്നമായിരിക്കുമെന്ന് പരിപാടിയുടെ മുഖ്യസംഘാടകയായ വിധു ശര്‍മ്മ പറഞ്ഞു.
ആയിരക്കണക്കിന് വര്‍ഷങ്ങളായി വൈദിക പാരമ്പര്യങ്ങളുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രമാണ് കശ്മീര്‍. വേദാന്ത ദര്‍ശനത്തെ ജനകീയമാക്കുകയും രാഷ്ട്രത്തെ അതിന്റെ ഏകാത്മകതയില്‍ ഇണക്കിച്ചേര്‍ക്കുകയുമായിരുന്നു ആദിശങ്കരനെന്നും അമൃതോത്സവത്തിന്റെ കാലത്ത് ദേശീയ പ്രചോദിതങ്ങളായ പരിപാടികളും ഇതിന്റെ ഭാഗമായി താഴ്‌വരയില്‍ അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post