ന്യൂദല്‍ഹി: ആപ്പ് നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ മാപ്പ് പറയും വരെ പോരാട്ടം തുടരുമെന്ന് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ. കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളില്‍ ആപ്പ് നേതാവ് മാപ്പ് പറയണം. വിമര്‍ശിച്ചാല്‍ പോലീസിനെ ഉപയോഗിച്ച് തകര്‍ത്തുകളയുമെന്ന ഫാസിസ്റ്റ് രീതി രാജ്യത്ത് നടക്കില്ല. ദല്‍ഹിയില്‍ കഴിവില്ലാത്തതുകൊണ്ട് പഞ്ചാബ് പോലീസിന് ക്വട്ടേഷന്‍ കൊടുക്കുകയാണ് കേജ്‌രിവാള്‍ ചെയ്തത്. ഭീരുവിന് മാത്രം ചേര്‍ന്ന നടപടിയാണതെന്ന് ബഗ്ഗ പരിഹസിച്ചു.
കഴിഞ്ഞദിവസം രാവിലെ പഞ്ചാബ് പോലീസ് വീട് വളഞ്ഞ് ബഗ്ഗയെ അറസ്റ്റ് ചെയ്യുകയും പിന്നാലെ ഹരിയാന പോലീസ് അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ബഗ്ഗയെ ദല്‍ഹി പോലീസ് വീട്ടിലെത്തിച്ചു.
കേജ്‌രിവാള്‍ സര്‍ക്കാരിന്‍റെ അസഹിഷ്ണുതയ്‌ക്കേറ്റ തിരിച്ചടിയാണിതെന്ന് ബഗ്ഗ പറഞ്ഞു. ദല്‍ഹി പോലീസിന് കൈമാറുന്നതിന് പകരം താന്‍ ഹരിയാനയില്‍ തന്നെ തുടരണമെന്ന പഞ്ചാബ് സര്‍ക്കാരിന്‍റെ ആവശ്യം പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളിയത് അതിന്‍റെ തെളിവാണ്. ഒരു വലിയ ജനവിഭാഗത്തെ അപഹസിച്ച് നിയമസഭയ്ക്കുള്ളില്‍ സംസാരിച്ച മുഖ്യമന്ത്രിക്കെതിരെയാണ് താന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. അതിന് മറുപടി പറയാനില്ലാത്തതു കൊണ്ട് പോലീസിനെ അഴിച്ചുവിട്ട് ജയിക്കാനാണ് കേജ്‌രിവാള്‍ ശ്രമിച്ചതെന്നും രാജ്യത്ത് ഒരു ജനാധിപത്യഭരണകൂടം ഉള്ളത് അദ്ദേഹം മറന്നുപോയിയെന്നും ബഗ്ഗ കുറ്റപ്പെടുത്തി.
Discussion about this post