ഹൈദരാബാദ്: ദളിത് യുവാവിനെ കൊന്നത് ഭാര്യക്ക് ഇദ് ഷോപ്പിങിന് സ്വന്തം സ്വര്‍ണമാല വിറ്റ് മടങ്ങുമ്പോള്‍. മുസ്ലീം യുവതിയെ വിവാഹം ചെയ്തതിന്റെ പേരില്‍ നടുറോഡില്‍ ക്രൂരമായി കൊല്ലപ്പെട്ട ദളിത് യുവാവ് ബി. നാഗരാജുവാണ് മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ സ്വര്‍ണമാല 25000 രൂപയ്ക്ക് വിറ്റത്.
അതേസമയം കൊലപാതകത്തെക്കുറിച്ച് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎച്ച്എംസി ഏരിയയിലെ സരൂര്‍നഗറില്‍ ബി. നാഗരാജു കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കണമെന്നും രാജ്ഭവന്‍ ആവശ്യപ്പെട്ടു.
നാഗരാജുവിനെ ഭാര്യയുടെ സഹോദരനും മറ്റൊരു ബന്ധുവും ചേര്‍ന്നാണ് ആള്‍ക്കൂട്ടം കണ്ടുനില്‍ക്കെ ക്രൂരമായി കൊലപ്പെടുത്തിയത്, സിസിടിവി ക്യാമറയില്‍ പതിഞ്ഞ കൊലപാതകദൃശ്യങ്ങള്‍ വ്യാപകമായതോടെ രാജ്യത്തൊട്ടാകെ സംഭവം ചര്‍ച്ചയായി.
ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സരൂര്‍നഗറില്‍ ഭാര്യ അഷ്രിന്‍ സുല്‍ത്താന സയ്യിദിനൊപ്പം മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് സയ്യിദ് മൊബിന്‍ അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവര്‍ ദമ്പതികളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ട് അടിച്ചും തുടര്‍ന്ന് കത്തികൊണ്ട് കുത്തിയുമായിരുന്നു കൊലപാതകം. രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാര്യ സുല്‍ത്താനയെ ചാര്‍മിനാറിലേക്ക് ഈദ് ഷോപ്പിങ്ങിന് കൊണ്ടുപോകാനാണ് നാഗരാജു തന്റെ സ്വര്‍ണ്ണമാല വിറ്റതെന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന കാര്‍ ഷോറൂമിലെ എച്ച്ആര്‍ മാനേജര്‍ കെ. സതീഷ് പറഞ്ഞു. മലക്പേട്ട് ഏരിയയിലെ കാര്‍ ഷോറൂമില്‍ സെയില്‍സ് എക്സിക്യൂട്ടീവാണ് നാഗരാജു.
‘അഷ്രിന്‍ സുല്‍ത്താനയുടെ ബന്ധുക്കളും മതത്തില്‍പെട്ടവരും വിവാഹത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ദിവസവും ജോലിക്ക് പോകുമ്പോള്‍ സരൂര്‍നഗറിലെ സഹോദരിയുടെ വീട്ടില്‍ ഭാര്യയെ സുരക്ഷിതയാക്കിയാണ് നാഗരാജു ജോലിക്ക് പോയിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Discussion about this post