രുദ്രപ്രയാഗ്(ഉത്തരാഖണ്ഡ്): ആദിശങ്കരജയന്തിയില്‍ കേദാര്‍നാഥ് ധാമിന്‍റെ കവാടങ്ങള്‍ ആചാരപരമായ ചടങ്ങുകളോടെ തുറന്നു. വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രനട തുറന്നതിന് ശേഷം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ഭാര്യ ഗീതാ ധാമിയും കേദാര്‍നാഥത്തിലെത്തി പ്രാര്‍ത്ഥന നടത്തി.
കേദാര്‍നാഥ് ധാമിന്‍റെ കവാടങ്ങള്‍ തുറന്ന അവസരത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിഹിതരായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 6-നാണ് ക്ഷേത്രത്തിന്റെ കവാടങ്ങള്‍ ആറ് മാസത്തേക്ക് അടച്ചത്. മന്ദാകിനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി, ബദരീനാഥ് എന്നിവയുള്‍പ്പെടുന്ന ‘ചാര്‍ ധാം’ തീര്‍ത്ഥാടനത്തിന് മെയ് മൂന്നിനാണ് തുടക്കം കുറിച്ചത്. ബദരീനാഥ് ക്ഷേത്രത്തിന്റെ കവാടങ്ങള്‍ മെയ് എട്ടിന് തുറക്കും.
ഈ മാസം ആദ്യം സംസ്ഥാന സര്‍ക്കാര്‍ ചാര്‍ധാം തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ബദരീനാഥില്‍ 15,000, കേദാര്‍നാഥില്‍ 12,000, ഗംഗോത്രിയില്‍ 7,000, യമുനോത്രിയില്‍ 4,000 എന്നിങ്ങനെയാണ് പ്രതിദിനം അനുവദിക്കപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണം. 45 ദിവസത്തേക്കാണ് ഈ ക്രമീകരണം. മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post