ചെന്നൈ: ഡിഎംകെയെ വിമര്‍ശിച്ചതിന് തമിഴ് യുട്യൂബര്‍ കാര്‍ത്തിക് ഗോപിനാഥിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രങ്ങള്‍ക്കെതിരായ ഡിഎംകെ നിലപാടിനെ തുറന്നുകാട്ടി ഇളയ ഭാരതം യൂട്യൂബ് ചാനലിലൂടെ കാര്‍ത്തിക് നടത്തിയ വിമര്‍ശനങ്ങളാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
പേരാമ്പ്ര ജില്ലയിലെ ശിരുവച്ചൂരില്‍ അക്രമികള്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ക്കായി പണം സ്വരൂപിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് പെരിയസാമി-ചെല്ലിയമ്മന്‍ ക്ഷേത്രവും സെങ്കമലയാര്‍ ക്ഷേത്രവും അക്രമികള്‍ തകര്‍ത്തത്. തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ കീഴിലുള്ള മധുരകാളിയമ്മന്‍ ക്ഷേത്രവുമായി ബന്ധമുള്ളവയാണ് ഈ ക്ഷേത്രങ്ങള്‍.
അറസ്റ്റിനെ അപലപിച്ച ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈ രംഗത്തെത്തി. വിമര്‍ശകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഡിഎംകെ സര്‍ക്കാര്‍ ഭീഷണിയുടെ രാഷ്ട്രീയം പ്രയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ, തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ചുള്ള വീഡിയോയുടെ പേരില്‍ യു ട്യൂബര്‍ മരിദാസിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെയുടെ മറ്റൊരു കടുത്ത വിമര്‍ശകനായ കിഷോര്‍ കെ. സ്വാമിയെ ഗുണ്ടാ ആക്ട് ചുമത്തി ആറുമാസം തടവിലാക്കി. തമിഴ് മാസികയായ വികടന്റെ എഡിറ്റര്‍മാര്‍, രാഷ്ട്രീയ നിരൂപകന്‍ ‘സവുക്ക്’ ശങ്കര്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
Discussion about this post